ലക്കിടി : എട്ടുദിവസമായി നടന്നുവന്ന കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻനമ്പ്യാർ സ്മാരകത്തിലെ ചുമർച്ചിത്ര രചനാക്യാമ്പ് സമാപിച്ചു. കുഞ്ചൻനമ്പ്യാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ് സ്മാരകത്തിലെ കളിത്തട്ടിൽ ചിത്രീകരിച്ചിട്ടുള്ളത്.

കാതിലോലയും പയ്യേ നിനക്കും പക്കത്താണോ ഊണും ദീപസ്തംഭം മഹാശ്ചര്യവും കൈപ്പിഴവന്നതുകൊണ്ടുള്ള കൈപ്പിഴയുമൊക്കെ ദൃശ്യവത്‌കരിച്ചിട്ടുണ്ട്. കുഞ്ചൻനമ്പ്യാർ സ്മാരകവും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എ. ബിനിൽ, രഘുറാം എൻ.കിനി, കെ.എ. വിഷ്ണു ശ്രീധർ, കെ. വിജയൻ, വിനീഷ് ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രീകരണം.

സമാപന യോഗത്തിൽ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ കലാകാരൻമാരെ ഉപഹാരം നൽകി ആദരിച്ചു. സ്മാരകം സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. സ്മാരകം ഭരണസമിതി അംഗം എം. രാമകൃഷ്ണൻ, ലളിതകലാ അക്കാദമി അംഗം ശ്രീജ പള്ളം, കലക്കത്ത് രാധാകൃഷ്ണൻ, എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.