ആനക്കര : അരീക്കാട് വെളരച്ചോലയിലെ തടയണനിർമാണം ഈ വേനലിൽ ആരംഭിക്കും. തടയണ യാഥാർഥ്യമായി ചോലയിലെ വെള്ളം സംഭരിച്ചുനിർത്തുന്നതോടെ അരീക്കാട് മേഖലയിലെ 30 ഹെക്ടർ കൃഷിഭൂമിക്കാണ് പദ്ധതി ഉപകാരപ്രദമാകുക. ചോലയ്ക്ക് കുറുകെ കടന്നുപോകുന്ന വെളരപ്പാലത്തിന് താഴെയാണ് തടയണ നിർമിക്കുന്നത്. ചെറുകിട ജലസേചനവകുപ്പിന്റെ ആർ.ഐ.എം.എസ്. ഫണ്ടിൽ ഉൾപ്പെടുത്തി 12.80 ലക്ഷം രൂപ ചെലവിലാണ് തടയണയുടെ നിർമാണം.

തടയണയോടനുബന്ധിച്ച് ചോലയ്ക്ക് ചാലുകളും തോടിന് സംഭരക്ഷണഭിത്തിയും ചോലയ്ക്ക് സമീപമുള്ള കുളത്തിന് ഭാഗികമായി സംഭരക്ഷണഭിത്തിയും നിർമിക്കും. പാലത്തിന് താഴെ തുറക്കാനും അടയ്ക്കാനും കഴിയുന്ന ചീർപ്പ് പോലുള്ള വി.സി.വി. ഷട്ടറുകളാണ് നിർമിക്കുന്നത്. തടയണയുടെ മുകൾഭാഗത്തെ ചോലയിലും സമീപമുള്ള കുളത്തിലുമാണ് വേനലിൽ വെള്ളം സംഭരിക്കുക. തടയണയുടെ വി.സി.വി. ഷട്ടറുകൾ താഴ്ത്തിയാണ് വേനലിൽ ചോലയിലെ വെള്ളം തടഞ്ഞുനിർത്തുക.

പറക്കുളം കുന്നിൻചെരുവിൽനിന്ന്‌ നീരുറവയായി ചോലയിൽ ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കിക്കളയുകയായിരുന്നു പതിവ്. കഴിഞ്ഞവേനലിൽ രൂക്ഷമായ ജലക്ഷാമം നേരിട്ടതോടെയാണ് ചോലയിൽ തടയണ പണിയണമെന്ന ആവശ്യമുയർന്നത്. തൃത്താല മൈനർ ഇറിഗേഷൻ അസി. എൻജിനിയർ രാജ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.