വണ്ടിത്താവളം : കമ്പാലത്തറ മുള്ളന്തോട് സർക്കാർപതി ഭാഗങ്ങളിലേക്കുള്ള ഏകറോഡ് തകർന്നിട്ട് മാസങ്ങളാകുന്നു. അറ്റകുറ്റപ്പണി നടത്താതെ കല്ലും ചെളിയും നിറഞ്ഞതോടെ കാൽനടയാത്രപോലും സാധ്യമാകാതെ ദുരിതത്തിൽ കഴിയുകയാണ് പ്രദേശവാസികൾ.

പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറ മുതൽ മൂലക്കടവരെയുള്ള എട്ട് കീലോമീറ്റർ റോഡാണ് തകർന്നിരിക്കുന്നത്. ഈ റോഡിന്റെ നിർമാണം കഴിഞ്ഞിട്ട് 25 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. മീനാക്ഷിപുരത്തുനിന്ന്‌ അഞ്ചാംമൈൽ വഴി താലൂക്കാസ്ഥാനമായ ചിറ്റൂരിലേക്കുള്ള എളുപ്പവഴികൂടിയാണ്‌ ഇത്. റോഡിലെ കുഴികളിൽ പെട്ടും കല്ലുകളിൽ തട്ടിയും വാഹനങ്ങൾ കേടാകുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്.

അപകടം ഭയന്ന് കിലോമീറ്ററുകളോളം അധികം ചുറ്റിയാണ് പലരും ചിറ്റൂരിലേക്ക് പോകുന്നത്. കള്ളുചെത്ത് തൊഴിലാളികൾ കൂടുതലുള്ള മേഖലയാണിത്. പലയിടത്തും തെരുവുവിളക്കുകൾ കത്താത്തതും റോഡിന്റെ തകർച്ചയും ഇവരെയാണ് കൂടുതൽ ബാധിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുവശങ്ങളിലും ചാല് കീറിയിട്ടുണ്ട്. ഇതോടെ വെള്ളക്കെട്ടായി മാറി.

അതേസമയം റോഡ് പുനർനിർമാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നിർമാണം വേഗത്തിലാക്കുമെന്നും പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ പറഞ്ഞു. നേരത്തെ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പുതുക്കിപ്പണിയാൻ തീരുമാനിച്ചതാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗ്രാമം സഡക് യോജന പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയത്. ഇതുപ്രകാരമുള്ള പ്രാഥമികപണികൾ തുടങ്ങിയെന്നും പ്രസിഡന്റ് പറഞ്ഞു.