തിരുമിറ്റക്കോട് : ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തു. തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി പള്ളത്ത് കിഴക്കേരിൽ റിയാസിനെതിരെയാണ്‌ (ഇല്യാസ്-39) ചാലിശ്ശേരി പോലീസ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവസമയത്ത് കീഴ്‌പ്പെടുത്താൻ വന്നയാളെ തള്ളിവീഴ്ത്തിയാണ് രക്ഷപ്പെട്ടതെന്ന് ചാലിശ്ശേരി പോലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.

കേസിനുശേഷം ഒളിവിൽപോയ പ്രതിയെ തിരുമിറ്റക്കോട് ഇരുമ്പകശ്ശേരിയിലെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസനാണ് അന്വേഷണച്ചുമതല. ഇയാൾ മുമ്പ് മണൽകടത്തുകേസിലെ പ്രതിയായിരുന്നെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു. റിയാസിനെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.