അഗളി : അട്ടപ്പാടി പുതൂർ വനംവകുപ്പിന്റെ പരിധിയിലെ വല്ലവട്ടി വനത്തിൽ അതിക്രമിച്ച് കടന്നതിനും അടിക്കാട് വെട്ടിയതിനും മൂന്നുപേർക്കെതിരെ കേസെടുത്തു.

മലപ്പുറം സ്വദേശികളായ സെയ്തലവി, മുഹമ്മദ് മുസ്തഫ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വല്ലവട്ടി വനത്തിൽ അടിക്കാടുകൾ വെട്ടിമാറ്റി കൃഷിക്കായി വെള്ളച്ചാൽ തീർത്തതായും 620 മീറ്റർ പൈപ്പുകൾ സ്ഥാപിച്ചതായും അട്ടപ്പാടി റെയ്ഞ്ച് ഓഫീസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ കണ്ടെത്തി.

പഴയൂർ, തേക്കുപ്പന, വല്ലവട്ടി ആദിവാസി ഊരുകളിൽ കുടിവെള്ളക്ഷാമം ഉണ്ടായതോടെ പഴയൂർ തോട്ടിൽനിന്ന്‌ കാർഷികാവശ്യത്തിനായി മൂവർസംഘം വനത്തിലൂടെ വെള്ളം കൊണ്ടുപോകുന്നതായി വനം വകുപ്പിൽ ഊരുനിവാസികൾ പരാതി നൽകിയതിനെത്തുടർന്നുള്ള പരിശോധനയിലാണ് അടിക്കാട് വെട്ടിയത് കണ്ടെത്തിയത്.