പാലക്കാട് : മാസങ്ങളായി തുടരുന്ന സർവർ തകരാറിൽ നട്ടം തിരിഞ്ഞ് സർവീസ് പെൻഷൻ ഗുണഭോക്താക്കൾ. മാർച്ചിൽ പെൻഷൻ വിതരണം തുടങ്ങിയിട്ടും സർവർ പ്രശ്നത്തിന്‌ പരിഹാരമാകാത്തതോടെ കഴിഞ്ഞദിവസം ട്രഷറിയിലെത്തിയ പെൻഷൻ ഗുണഭോക്താക്കളും വലഞ്ഞു. രണ്ടാം ദിവസവും രാവിലെ വീണ്ടും സർവർ പണിമുടക്കിയതോടെ ഉച്ചയോടെയാണ് ഗുണഭോക്താക്കൾക്ക് തുക കൈപ്പറ്റാനായത്.

തിങ്കളാഴ്ച രാവിലെ നെറ്റ്‌വർക്കിലെ വേഗക്കുറവ് കാരണം പെൻഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. വൈകീട്ട്‌ ട്രഷറി അടയ്ക്കുംവരെയും പ്രശ്നം പരിഹരിക്കാനായില്ല. പിന്നീട് വേഗക്കുറവ് പരിഹരിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വീണ്ടും സർവർ തകരാറിലായി. ഇതോടെ ഗുണഭോക്താക്കൾ വീണ്ടും ദുരിതത്തിലായി. പിന്നീട് ഉച്ചയോടെയാണ് പെൻഷൻ വിതരണം സാധാരണനിലയിലെത്തിയത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി സർവീസ് പെൻഷൻ ഗുണഭോക്താക്കൾ പറഞ്ഞു.

സോഫ്റ്റ് വേറിലെ സാങ്കേതികത്തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് ട്രഷറി അധികൃതർ നൽകുന്ന വിശദീകരണം. സെക്യൂരിട്ടി സിസ്റ്റം അപ്ഡേറ്റ് ചെയ്യുമ്പോഴും ട്രഷറിയിലെ മറ്റ് ഇടപാടുകൾ നടത്തുമ്പോഴുമെല്ലാം സർവർ പണിമുടക്കുന്നത് പതിവാകുകയാണ്. സൈറ്റിലെ വേഗക്കുറവാണ് പ്രധാനപ്രശ്നം. സോഫ്റ്റ് വേർ നിയന്ത്രിക്കുന്ന ടെക്നിക്കൽ ഏജൻസിക്ക് വിവരം നൽകിയെന്നാണ് ട്രഷറി ‍ഡയറക്ടറേറ്റ് നൽകുന്ന വിവരം. എന്നിട്ടും സാങ്കേതികത്തകരാർ പരിഹരിക്കാനാകാത്തതോടെ പെൻഷൻ ഗുണഭോക്താക്കൾ വലയാൻ തുടങ്ങി.

പാലക്കാട് ട്രഷറിക്കുകീഴിലുള്ള ആറ് സബ് ട്രഷറികളിലായി 12000 ഗൂണഭോക്താക്കളാണ് തുക കൈമാറിക്കിട്ടാൻ ട്രഷറിയെ ആശ്രയിക്കുന്നത്. സാധാരണയായി ഈ സമയത്തിനകം 5000-ത്തിലേറെ ഗുണഭോക്താക്കൾ തുക കൈപ്പറ്റാറുണ്ട്. എന്നാലിപ്പോൾ 2500 പേർക്കാണ് തുക നൽകാനായത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ നമ്പർ ക്രമീകരിച്ചാണ് തുക വിതരണം ചെയ്യുന്നത്. ഇതുപ്രകാരം ഓഫീസിലെത്തുന്ന ഗുണഭോക്താക്കൾ നെറ്റ്‌വർക്കിലെ പ്രശ്നം കാരണം മടങ്ങിപ്പോകേണ്ടിവരുന്നുണ്ട്. പെൻഷൻ കിട്ടാത്തവർ വീണ്ടും വരുമ്പോൾ നിശ്ചിതസമയത്ത് പെൻഷൻ കൈപ്പറ്റാനുള്ള ഗുണഭോക്താക്കളും ട്രഷറിയിലെത്തും. കോവിഡ് കാലത്തും ട്രഷറിക്കുമുന്നിൽ തിരക്ക് വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്‌.

അതേസമയം, സർവർ തകരാർ സംബന്ധിച്ച് താത്കാലികപരിഹാരം കണ്ടെത്തിയെന്നും നിലവിൽ പെൻഷൻ വിതരണം നടക്കുന്നുണ്ടെന്ന് ട്രഷറിഡയറക്ടർ എ.എം. ജാഫർ പറഞ്ഞു. ശാശ്വതപരിഹാരത്തിനായി സാങ്കേതികസഹായം നൽകുന്ന ഏജൻസിയെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.സോഫ്റ്റ് വെയറിലെ പ്രശ്നമെന്ന് അധികൃതർ