പാലക്കാട് : സംസ്ഥാനത്ത് ജൂലായ് മാസത്തെ റേഷൻ വിതരണത്തിന്റെ തീയതി നീട്ടാത്തതിനാൽ ജില്ലയിലെ കാർഡുടമകൾക്ക് ലഭിക്കാതെ പോയത് 626 ടൺ അരിയും ഗോതമ്പും. ഇതിൽ സംസ്ഥാന സർക്കാർ വിഹിതമായ 461 ടണ്ണും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പി.എം.ജി.കെ.വൈ.) പ്രകാരമുള്ള 165 ടൺ ധാന്യവും ഉൾപ്പെടുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ പേരിൽ കേന്ദ്രം അനുവദിച്ച പി.എം.ജി.കെ.വൈ. പ്രകാരമുള്ള അരി വാങ്ങാനെത്തിയ മുൻഗണനാ വിഭാഗത്തിലുള്ളവരടക്കം നിരവധിപേർക്ക് തിങ്കളാഴ്ച ധാന്യം ലഭിക്കാതെ കടകളിലെത്തി തിരിച്ചുപോകേണ്ടി വന്നതായി റേഷൻ വ്യാപാരികൾ പറയുന്നു. ജൂലായ് 31 ഓടെ ജൂലായിലെ വിതരണം നിർത്തിയതറിയാതെ എത്തിയവരാണ് ഇതിൽ ഏറെപ്പേരും.

പൊതുവിതരണ വകുപ്പിന്റെ പി.ഡി.എസ്. രേഖകൾ പ്രകാരം ജൂലായ് ആറുവരെ നീട്ടിയ ജൂൺ മാസത്തിലെ റേഷൻവിതരണത്തിൽ ജില്ലയിലെ കാർഡ് ഉടമകൾ വാങ്ങിയത് സംസ്ഥാന സർക്കാർ വിഹിതത്തിലെ 76,39,562 കിലോഗ്രാം ധാന്യമാണ്. ജൂലായ് മാസത്തെ വിതരണത്തിൽ വാങ്ങിയത് 71,77,673 കിലോഗ്രാം അരിയും ഗോതമ്പും മാത്രം. ജില്ലയിൽ കാർഡുടമകൾക്ക് 4,61,889 കിലോഗ്രാം ധാന്യമാണ് വിതരണത്തീയതി നീട്ടാത്തതോടെ വാങ്ങാൻ കഴിയാതെ പോയത്.

പി.എം.ജി.കെ.വൈ.പ്രകാരം ജൂണിൽ 56,31,927 കിലോഗ്രാം ധാന്യം ജില്ലയിൽ വിതരണം ചെയ്തിരുന്നു. എന്നാൽ, ജൂലായ് മാസത്തെ കണക്ക് പ്രകാരം 54,65,937 കിലോഗ്രാം അരി മാത്രമാണ് വിതരണംചെയ്യാൻ കഴിഞ്ഞത്. ഈയിനത്തിൽ മാത്രം 165 ടൺ അരിയാണ് കാർഡുടമകൾക്ക് വാങ്ങാൻകഴിയാതെ പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ജൂലായ് മാസത്തെ റേഷൻവിതരണം കോവിഡ് സാഹചര്യവും ഈ-പോസിലെ തകരാറുകളും പരിഗണിച്ച് ഒാഗസ്റ്റിലെ ചില ദിവസങ്ങളിലേക്കുകൂടി നീട്ടണമെന്ന് ആവശ്യമുയർന്നെങ്കിലും പൊതുവിതരണവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ഇതിനോട് അനുകൂല നിലപാട് ഉണ്ടായില്ല.