പാലക്കാട് : യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.

സ്വകാര്യ ധനകാര്യ ബ്ലേഡ്മാഫിയ സംഘങ്ങളുടെ അനധികൃതപ്രവർത്തനം പോലീസിന്റെ ഒത്താശയോടെയാണെന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാർച്ച് ഓഫീസിന്‌ മുന്നിൽവെച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.

കോവിഡ്കാലത്ത് വരുമാനം വഴിമുട്ടിയവരോട് വായ്പകൾ തിരിച്ചടയ്ക്കാൻ ധനകാര്യസ്ഥാപനങ്ങൾ നിർബന്ധിക്കുകയാണ്. ഇതുമൂലം നിരവധി പേരാണ് ആത്മഹത്യ ചെയ്തത്.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം സർക്കാർ, സ്ഥാപനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്ന് സമരക്കാർ ആരോപിച്ചു.

സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ സാധാരണക്കാരായ ജനങ്ങൾക്ക് പലിശരഹിതവായ്പ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷനായി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ഹക്കിം കൽമണ്ഡപം, ലക്ഷ്മണൻ, രാജേഷ്, അഖിലേഷ് അയ്യർ, ഹരിദാസ് മച്ചിങ്ങൽ, എസ്. ദീപക്, നവാസ് മാങ്കാവ് എന്നിവർ സംസാരിച്ചു.