പാലക്കാട് : ജില്ലയിൽ ഒന്നാംവിള നെൽക്കൃഷിയുടെ രക്ഷയ്ക്കായി യൂറിയക്ഷാമം പരിഹരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടി വേണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഒരുമാസം പിന്നിട്ട നെൽച്ചെടികൾക്ക് യൂറിയ, പൊട്ടാഷ് വളങ്ങൾ നൽകേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ യൂറിയയും പൊട്ടാഷും ലഭിക്കാത്ത സ്ഥിതിയാണ്.

കമ്മിഷൻ കുറവ് ചൂണ്ടിക്കാട്ടി വിൽപ്പനക്കാർ യൂറിയ വിതരണത്തിനെടുക്കാൻ മടിക്കുന്നതിന് പുറമേ സബ്‌സിഡിയുള്ള വളം നിയമവിരുദ്ധമായി ഫാക്ടറി ആവശ്യങ്ങൾക്ക് കടത്തിക്കൊണ്ട് പോകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി യോഗം വിലയിരുത്തി. ജില്ലാപ്രസിഡന്റ് എ. ഭാസ്കരൻ അധ്യക്ഷനായി. വി.സി. ഹിലാരി, എം.ജി.കെ. പിള്ള, കുഞ്ചു കാവശ്ശേരി, ശിവദാസ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.