കിഴക്കഞ്ചേരി : കാരപ്പാടത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങാൻ വടക്കഞ്ചേരി പോലീസ് ആലത്തൂർ കോടതിയിൽ അപേക്ഷ നൽകി.

മൂലങ്കോട് കാരപ്പാടം വീട്ടിൽ ശ്രീജിത്ത് (33) മലമ്പുഴ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. സംഭവശേഷം പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന്‌ കണ്ടെത്തിയത്‌.

ഇതേത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ അപേക്ഷ നൽകിയത്. ജൂൺ 18-നായിരുന്നു സംഭവം.

വഴക്കിനിടെ ഭാര്യ ശ്രുതിയുടെ (30) ദേഹത്ത് ശ്രീജിത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വടക്കഞ്ചേരി സി.ഐ. എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലാണ് അന്വേഷണം.