കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 2,57,613 ആയി ഉയർന്നു. ജൂലായ് മാസത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്-1,55,692. ഞായറാഴ്ച 5,875 പേർക്കുകൂടി സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 57,000 പേരാണ് ചികിത്സയിൽ തുടരുന്നത്. തുടർച്ചയായ നാലാം ദിവസവും 98 പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതോടെ മരണസംഖ്യ 4,132 ആയി ഉയർന്നു.
കോയമ്പത്തൂരിൽ 167 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,230 ആയി. ഏഴുപേർ കൂടി മരിച്ചതോടെ മരണമടഞ്ഞവരുടെ എണ്ണം 71 ആയി. മധുരയിൽ 178 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 253 ആയി ഉയർന്നു.
നീലഗിരിയിൽ എട്ടുപേർക്ക് സമ്പർക്കം വഴി
ഊട്ടി : നീലഗിരി ജില്ലയിൽ ഞായറാഴ്ച 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധയുണ്ടായവരുടെ എണ്ണം 812 ആയി ഉയർന്നു. 138 പേർ ചികിത്സയിലാണ്. 672 പേർ രോഗമുക്തരായി. ഞായറാഴ്ച എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ ആറുപേർ മറ്റുജില്ലയിൽ നിന്നും വന്നവരാണ്.
ലോക്ഡൗൺ ലംഘനം: 8.43 ലക്ഷം കേസുകൾ
ചെന്നൈ : മാർച്ചിൽ ആരംഭിച്ച ആദ്യഘട്ട ലോക്ഡൗൺ മുതൽ 131 ദിവസം പിന്നിടുമ്പോൾ ഇതുവരെ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 8.43 ലക്ഷം ലോക്ഡൗൺ ലംഘനക്കേസുകൾ.
വിവിധ ജില്ലകളിലായുള്ള ഈ കേസുകളുമായി ബന്ധപ്പെട്ട് 9.27 ലക്ഷംപേർ അറസ്റ്റിലായി. 6.61 ലക്ഷം വാഹനങ്ങൾ പിടിച്ചെടുത്തു. 19.42 കോടിരൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ചെന്നൈ പോലീസ് പരിധിയിൽ ശനിയാഴ്ച രാവിലെമുതൽ ഞായർ രാവിലെവരെ നിരോധനാജ്ഞ ലംഘിച്ചതിന് 250 കേസുകൾ രജിസ്റ്റർ ചെയ്തു. ഗതാഗത നിയമലംഘനത്തിന് 35 വാഹനങ്ങളും പിടിച്ചെടുത്തു.