ചെന്നൈ : തമിഴ്നാട്ടിലെ പെരമ്പല്ലൂർ ജില്ലയിൽ വാൻ ഇരുചക്രവാഹനത്തിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട വാൻ ആറുപേർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വെപ്പൂർ സ്വദേശികളായ പരമേശ്വരി (27), മൂന്ന് വയസ്സുള്ള മകൾ എസ്. സെന്നില, പരമേശ്വരിയുടെ മരുമകൾ നന്ദിത (2), അമ്മ ധനം, ഇളയ സഹോദരൻ ശക്തിവേൽ (19) എന്നിവരാണ് മരിച്ചത്.

കുലപ്പടി ഗ്രാമത്തിൽ ബന്ധുക്കളെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെപ്പൂർറോഡിലെ ഇച്ചിലക്കുട്ടൈ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. പരമേശ്വരി, സെന്നില, നന്ദിത എന്നിവർ സംഭവസ്ഥലത്തും ധനം പെരമ്പലൂർ സർക്കാർ ആശുപത്രിയിലും മരിച്ചു. തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശക്തിവേൽ ഉച്ചയോടെ മരിച്ചു. പരിക്കേറ്റ രണ്ടുവയസ്സുകാരൻ തമിഴ്‌നിലവനെ പെരമ്പല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. സംഭവത്തിൽ കുന്നം പോലീസ് കേസെടുത്തു.