ചെന്നൈ : സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും തനിച്ച്‌ മത്സരിച്ചേക്കും. മാർച്ച് ഏഴിന് റോയപ്പേട്ട വൈ.എം.സി.എ. മൈതാനത്തുനടക്കുന്ന പൊതുയോഗത്തിൽ സീമാൻ 234 സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 50 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകാനാണ് തീരുമാനം. ഇതുപ്രകാരം 117 സ്ത്രീകളെയും 117 പുരുഷന്മാരെയും സ്ഥാനാർഥികളാക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നും ആരും ഇതുവരെ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും വരികയാണെങ്കിൽ അർഹമായ പരിഗണന നൽകുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. പൊതുമണ്ഡലങ്ങളിൽ ദളിത് സ്ഥാനാർഥികളെ നിർത്താനും പാർട്ടി ആലോചിക്കുന്നുണ്ട്.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 231 സീറ്റുകളിൽ നാം തമിഴർ കക്ഷി മത്സരിച്ചുവെങ്കിലും 229 സീറ്റിൽ കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 1.06 ശതമാനം വോട്ട് ലഭിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും മുഴുവൻ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരിടത്തും വിജയിക്കാനായില്ല.