ചെത്തല്ലൂർ : ക്ലാസിൽ കൊതുകുശല്യം രൂക്ഷമായതിനെത്തുടർന്ന് ആരോഗ്യവകുപ്പിന് കത്തയച്ച് കുട്ടികൾ. ചെത്തല്ലൂർ എൻ.എൻ.എൻ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ്ക്ളബ്ബ് പ്രവർത്തകരാണ് കൊതുകുശല്യത്തെക്കുറിച്ച് തച്ചനാട്ടുകര പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കത്തയച്ചത്. സമീപത്തെ തൊടിയിൽനിന്നാണ് കൊതുകുശല്യം രൂക്ഷമെന്ന് ആറാംക്ലാസിലെ സീഡ് പ്രവർത്തകരുടെ കത്തിൽ വ്യക്തമാക്കി.

കത്ത് ലഭിച്ചയുടൻ ഹെൽത്ത് ഇൻസ്പെക്ടർ രവിചന്ദ്രൻ സ്കൂലിലെത്തി. പരിഹാരം ഉടൻ ഉണ്ടാക്കുമെന്ന് കുട്ടികൾക്ക് ഉറപ്പുനൽകി. തുടർന്ന്, കോവിഡ് നിയന്ത്രണം പാലിക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രുതി, ഹസീന, പ്രധാനാധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ കെ. സുഹൈമ എന്നിവർ സംസാരിച്ചു.