പാലക്കാട് : കേന്ദ്രസർക്കാർ അവഗണക്കയാണെന്നും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ളനീക്കം നടക്കുന്നുണ്ടെന്നും ആരോപിച്ച് എൽ.ഡി.എഫ്. കോട്ടമൈതാനം അഞ്ചുവിളക്കിന് മുന്നിൽ ധർണനടത്തി. സമരം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ഉദ്ഘാടനംചെയ്തു.

കേന്ദ്രസർക്കാർ എല്ലാ മേഖലയിലും കേരളത്തെ അവഗണിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ പ്രധാന പദ്ധതിയായ അതിവേഗപാതയ്ക്ക് സംസ്ഥാനം ചെലവ് വഹിക്കാമെന്ന് പറഞ്ഞിട്ടും കേന്ദ്രസർക്കാർ അനുമതിനൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷനായി. എൽ.ഡി.എഫ്. കൺവീനർ വി. ചാമുണ്ണി, സി.പി.ഐ. ദേശീയ നിർവാഹകസമിതി അംഗം കെ.ഇ. ഇസ്മയിൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ. കുശലകുമാർ, ജനതാദൾ ജില്ലാ പ്രസിഡന്റ് കെ.ആർ. ഗോപിനാഥ്, എൻ.സി.പി. ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി, സി.പി.എം. പാലക്കാട് ഏരിയാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. വൈകീട്ട് നാലുമുതൽ ആറു വരെയായിരുന്നു സമരം.