വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി പാതയിൽ കുതിരാൻ ഇടതുതുരങ്കത്തിലൂടെ ഇരുദിശയിലേക്കും വാഹനങ്ങൾ കടത്തിവിട്ടതുമുതൽ വൈകുന്നേരം കുരുക്കില്ലാത്ത ഒരു ദിവസംപോലും ഉണ്ടായിട്ടില്ല. വൈകീട്ട് ആറിനും ഒമ്പതിനുമിടയിൽ കുതിരാൻ വഴിയെത്തിയാൽ മൂന്നരക്കിലോമീറ്റർ കടന്നുകിട്ടാൻ ചിലപ്പോൾ ഒന്നരമണിക്കൂർവരെ കാത്തു കിടക്കേണ്ടി വരും. തുരങ്കത്തിന്റെ പടിഞ്ഞാറേഭാഗത്ത് വലതുതുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കുന്നതിനായി കുതിരാനിലെ പഴയപാത പൊളിക്കുന്നതിന്‌ മുന്നോടിയായി നവംബർ 25 മുതലാണ് ഇടതുതുരങ്കത്തിലൂടെ ഇരുദിശയിലേക്കും ഗതാഗതം ക്രമീകരിച്ചത്.

തൃശ്ശൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് കൂടുതൽ കുരുക്ക്. മൂന്ന് വരികളിലൂടെ വരുന്ന വാഹനങ്ങൾ വഴുക്കപ്പാറയിലും കൊമ്പഴ മമ്മദ്പടിയലുംവെച്ച് ഒരുവരി ഗതാഗതത്തിലേക്ക് മാറുന്നതാണ് കുരുക്കിനിടയാക്കുന്നത്.

പ്രധാന ആശങ്കകൾ

കുരുക്കിന് പരിഹാരംകാണാൻ ചരക്കുവാഹനങ്ങൾ നിയന്ത്രിച്ചും മറ്റും പോലീസ്ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല.

പഴയപാത പൊളിച്ചശേഷം കുരുക്കുണ്ടായാൽ വാഹനങ്ങൾ തൃശ്ശൂരിൽ തിരിച്ചെത്തി വടക്കാഞ്ചേരി-ഷൊർണൂർ വഴി പോകേണ്ടി വരും. വനമായതിനാൽ കുതിരാനിൽ സമാന്തര വഴികളില്ല.

പഴയപാത പൊളിച്ച് വലതുതുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കാൻ ചുരുങ്ങിയത്

മൂന്നുമാസമെങ്കിലുമെടുക്കും. അത്രയുംനാൾ കുരുങ്ങിക്കുരുങ്ങി യാത്രചെയ്യേണ്ടി വരും

ഒറ്റവരി ഗതാഗതമായതിനാൽ ഏതെങ്കിലും വാഹനം കേടായിനിന്നാൽ കുരുക്കുണ്ടാകും. വാഹനംമാറ്റേണ്ട സാഹചര്യമുണ്ടായാൽ എതിർദിശയിലേക്കുള്ള പാതയിലെ ഗതാഗതം തടഞ്ഞശേഷമേ ക്രെയിനെത്തിക്കാൻ സാധിക്കയുള്ളൂ. ഇത് കുരുക്ക് രൂക്ഷമാക്കും.

തൃശ്ശൂർഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങളൊഴികെയുള്ളവ പഴയപാതവഴി തിരിച്ചുവിട്ടാണ് വൈകുന്നേരത്തെ കുരുക്കൊഴിവാക്കുന്നത്. ഈരീതി തുടർന്നാൽ പാതപൊളിക്കൽ അനിശ്ചിതത്വത്തിലാകും

ബദൽമാർഗം സമാന്തരപാത; പക്ഷേ, നിർമാണം എളുപ്പമല്ല

:കുരുക്ക് പൂർണമായി ഒഴിവാക്കണമെങ്കിൽ പഴയപാത പൊളിക്കുമ്പോൾത്തന്നെ വഴുക്കപ്പാറയിൽനിന്ന് കുതിരാൻക്ഷേത്രംവഴി സമാന്തരപാത നിർമിക്കയാണ് ഏക മാർഗം. പക്ഷേ, ഇങ്ങനെചെയ്യാൻ പ്രായോഗിക തടസ്സമേറെയാണ്. ആറ്്‌ വ്യക്തികളിൽനിന്ന് സ്വകാര്യഭൂമിയും വനഭൂമിയും ഏറ്റെടുക്കേണ്ടിവരും. വനഭൂമി വിട്ടുകിട്ടുക വലിയ വെല്ലുവിളിയാണ്. ആറുവരിപ്പാതാ നിർമാണത്തിനായി വാണിയമ്പാറയിൽ മൂന്നുസെന്റ് വനഭൂമി വിട്ടുകിട്ടാൻതന്നെ ആറുവർഷമെടുത്തു. ഒമ്പത് മീറ്റർ ഉയരത്തിൽ സമാന്തരപാത നിർമിക്കണമെങ്കിൽ ഒമ്പതുമീറ്റർ ഉയരത്തിൽ അമ്പതുമീറ്റർ മണ്ണിട്ടുയർത്തണം. മണ്ണ് ആവശ്യത്തിന് കിട്ടാനുമില്ല.