ഒറ്റപ്പാലം : മനിശ്ശീരി സപ്ലൈകോ സംഭരണശാലയിൽ കരാറുകാരൻ ലോറിത്തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചെന്നാരോപിച്ച് എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽനടന്ന സമരത്തിൽ ബലപ്രയോഗവും അറസ്റ്റും. സംഭരണശാലയിൽനിന്ന് ഭക്ഷ്യ സാധനങ്ങൾ പുറത്തുകൊണ്ടുപോകാനാവാത്ത രീതിയിൽ ലോറികൾനിർത്തി തടസ്സംസൃഷ്ടിച്ച് നടത്തിയ സമരത്തിലാണ് നേതാക്കളുൾപ്പെടെയുള്ളവരെ 11 മണിയോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഒ.കെ. സൈതലവി, മണ്ഡലംസെക്രട്ടറി ആർ. അഭിലാഷ് എന്നിവരുൾപ്പടെ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനഃസ്ഥാപിച്ചത്.

ലോറിത്തൊഴിലാളികളുടെ ആവശ്യം സബ് കളക്ടറുടെ നേതൃത്വത്തിൽനടന്ന ചർച്ചയിലും പരിഗണിക്കപ്പെടാതെ വന്നതോടെയാണ് ചൊവ്വാഴ്ച രാവിലെമുതൽ സമരം തുടങ്ങിയത്.

ഒറ്റപ്പാലം പോലീസിന് പുറമേ പട്ടാമ്പി, ഷൊർണൂർ, കൊപ്പം, തൃത്താല തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റിയവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടു.

റേഷൻ വിതരണക്കരാർ സപ്ലൈകോ റദ്ദാക്കി

ഒറ്റപ്പാലം : താലൂക്കിലെ റേഷൻ ഭക്ഷ്യസാധനങ്ങളുടെ വാതിൽപ്പടിവിതരണത്തിൽ ലോറിത്തൊഴിലാളികളുമായി തർക്കം നിലനിൽക്കെ വിതരണക്കരാർ സപ്ലൈകോ റദ്ദാക്കി. കരാറിൽ ഉൾപ്പെടുത്താത്ത വാഹനങ്ങൾ വാതിൽപ്പടി വിതരണത്തിനായി കരാറുകാരൻ ഉപയോഗിച്ചെന്ന് കണ്ടത്തിയതിനെത്തുടർന്നാണ് നടപടി. സപ്ലൈകോ മാനേജിങ് ഡയറക്ടറാണ് കരാർ റദ്ദാക്കി ഉത്തരവിറക്കിയത്. ഡിപ്പോതലത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിതരണം നടത്താൻ താത്‌കാലിക ക്രമീകരണമൊരുക്കാൻ ഡിപ്പോ മാനേജർക്ക് സപ്ലൈകോ നിർദേശവും നൽകി.

പനമണ്ണ, മനിശ്ശീരി സംഭരണശാലകളിൽനിന്ന് റേഷൻ ഭക്ഷ്യസാധനങ്ങളെടുത്ത് റേഷൻകടകളിലെത്തിക്കുന്നതിനായി കോതകുറുശ്ശി സ്വദേശിയായ കരാറുകാരൻ 26 വാഹനങ്ങളാണ് കരാറിൽ ഉൾപ്പെടുത്തിയിരുന്നത്.

കരാറുകാരൻ സ്വന്തമായി ലോറികളെത്തിച്ചതോടെ ഇതുവരെ സർവീസ് നടത്തിയിരുന്ന ലോറിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായെന്ന ആരോപണമുയരുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരേ, ഒരുമാസത്തോളമായി എ.ഐ.ടി.യു.സി. സമരം നടത്തുകയായിരുന്നു.

വിതരണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുംചെയ്തു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമരക്കാരെ അറസ്റ്റുചെയ്തുനീക്കി ചൊവ്വാഴ്ച വിതരണം പുനഃസ്ഥാപിച്ചു. എന്നാൽ, വൈകീട്ടോടെയാണ് കരാറിലുൾപ്പെടാത്ത ലോറികൾ വിതരണത്തിന് ഉപയോഗിക്കുന്നെന്ന് കണ്ടെത്തി സപ്ലൈകോ കരാർ പൂർണമായും റദ്ദാക്കാൻ ഉത്തരവിട്ടത്.