ഒറ്റപ്പാലം : ഒറ്റപ്പാലത്തെ തെരുവുകച്ചവടക്കാരുടെ പുനരധിവാസപദ്ധതി ഇനിയും വൈകും. നഗര തെരുവുകച്ചവടസമിതി രൂപവത്കരണം ഇനിയും പൂർത്തിയാകാത്തതാണ് ഇതിന് കാരണം. സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി വരണാധികാരിയെ തീരുമാനിക്കേണ്ട വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന നഗരസഭാകൗൺസിൽ യോഗത്തിലും തീരുമാനമായില്ല.

ഇതോടെ കഴിഞ്ഞ രണ്ടുവർഷത്തോളമായി കൃത്യമായി ഒരു യോഗം ചേരാൻ പോലുമാകാതിരുന്ന സമിതിയുടെ രൂപവത്കരണം ഇനിയും നീളുമെന്നുറപ്പായി.

വഴിയോരക്കച്ചവടക്കാരെ പ്രത്യേകസ്ഥലം കണ്ടത്തി പുനരധിവസിപ്പിക്കുന്നതിനും അവരുടെ ധനസഹായംപോലുള്ള കാര്യങ്ങൾ ഏകോകിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിയാണ് നഗര തെരുവുകച്ചവടസമിതി. രണ്ടുവർഷത്തോളമായി രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളാണ് ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായ കമ്മിറ്റിയുടെ നടത്തിപ്പിന് തടസ്സമാകുന്നത്.

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ സമിതി തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയെ തീരുമാനിക്കുന്ന യോഗം വോട്ടെടുപ്പിലേക്ക് നീങ്ങിയിരുന്നു. വീണ്ടും സർവേ നടത്തി ഗുണഭോക്താക്കളുടെ പട്ടിക പുനഃപരിശോധിക്കണമെന്നും അർഹരായവർ പലരും പുറത്താണെന്നും യോഗത്തിൽ യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ അജണ്ട അംഗീകരിക്കാതെ തള്ളി. നേരത്തെ സർവേ നടത്തിയതാണെന്നും ഇതിൽനിന്ന് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും സി.പി.എം കൗൺസിലർമാരും വാദിച്ചു. വിഷയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന് നഗരസഭാസെക്രട്ടറിയും അറിയിച്ചു.