തൃശ്ശൂർ : കുതിരാൻ തുരങ്കം യാഥാർഥ്യമാവുമ്പോൾ അതിന്റെ ‘ക്രെഡിറ്റ്’ സംസ്ഥാന സർക്കാരിന് പോയേക്കുമെന്ന നിഗമനത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സർജിക്കൽ സ്‌ട്രൈക്കാണ് ശനിയാഴ്‌ച കുതിരാനിൽ കണ്ടത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന ജോലികൾക്ക് വേഗംവെച്ചത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമായിരുന്നു. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജനും പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രത്യേക താത്പര്യമെടുത്ത് രംഗത്തെത്തി. ഇവർ പലവട്ടം സ്ഥലം സന്ദർശിച്ചിരുന്നു.

ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. തുരങ്കം വേഗം തുറക്കണമെന്ന് ഹൈക്കോടതിയും പറഞ്ഞതോടെ പണികൾ വേഗത്തിലായി. തുരങ്കം തുറക്കുകയല്ലാതെ മാർഗമില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് അങ്ങനെയാണ്. എന്നാൽ, തുരങ്കനിർമാണം പൂർണമായും കേന്ദ്രത്തിന്റെ കാര്യമായതിനാൽ തുറന്നുകൊടുക്കുന്നതിന്റെ കടിഞ്ഞാണിൽ കേന്ദ്രം പിടിമുറുക്കി. അങ്ങനെയാണ് സംസ്ഥാനമന്ത്രിമാർ പ്രഖ്യാപിച്ച ഓഗസ്റ്റ് ഒന്നിന്റെ തലേന്നുതന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നതും തുടർന്ന് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ തുരങ്കം തുറന്നതും. കളക്ടർക്കുപോലും നേരത്തേ അറിയിപ്പ് നൽകാതിരുന്നത് സംസ്ഥാന സർക്കാരിനെ പരമാവധി വൈകി അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.