പാലക്കാട്: പോകാത്ത യാത്രയ്ക്ക് ടോളടയ്ക്കുകയാണ് കൊല്ലങ്കോട് നെന്മേനിയിലെ കർഷകനായ കെ. ശിവാനന്ദൻ. ഓരോ തവണ അക്കൗണ്ടിൽനിന്ന് പണം പോകുമ്പോഴും ടോൾപ്ലാസ അധികൃതരെ വിളിച്ചറിയിക്കും. ഉടൻ പരിഹാരം കാണുമെന്ന് ജീവനക്കാർ ഉറപ്പു നൽകുമെങ്കിലും വീണ്ടും തുടർച്ചയായി അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയാണ്. തുടക്കത്തിൽ നഷ്ടപ്പെട്ട പണം ടോൾ പ്ലാസ അധികൃതർ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിരുന്നു. കുറച്ചുനാളായി തിരിച്ചടവും ഇല്ലെന്ന് ശിവാനന്ദൻ പറയുന്നു.

ഒരു സ്വകാര്യബാങ്ക് ശാഖവഴി രണ്ടുവർഷം മുമ്പാണ് സ്വന്തം പേരിലുള്ള കെ.എൽ. 70 സി. 8888 നമ്പർ കാറിന് ഫാസ്ടാഗ് അക്കൗണ്ട് തുറന്നതെന്ന് ശിവാനന്ദൻ പറയുന്നു. തുടർന്ന് കാർ വീട്ടിലെ ഷെഡ്ഡിൽ കിടക്കുമ്പോഴും ടോൾ നൽകേണ്ട സ്ഥിതിയിലാണ് ഈ കർഷകൻ. മുമ്പ് പലതവണ ഇതേക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ലെന്ന് ശിവാനന്ദൻ പറയുന്നു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് വാളയാർ പാമ്പാംപള്ളം ടോൾ പ്ലാസവഴി കടന്നുപോയ ഏതോ വാഹനത്തിന്റെ ടോൾ ഇനത്തിൽ 65 രൂപ ശിവാനന്ദന്റെ അക്കൗണ്ടിൽനിന്ന് കുറവ് ചെയ്തതായി മൊബൈൽ ഫോണിൽ സന്ദേശമെത്തി. ഈ സമയത്ത് സ്വന്തം കൃഷിയിടത്തിലായിരുന്നു ശിവാനന്ദൻ. വാഹനം ഷെഡ്ഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 12-ന് ഏകദേശം ഇതേ സമയത്ത് 35 രൂപയും അക്കൗണ്ടിൽനിന്ന് ടോൾ ഈടാക്കിയതായി സന്ദേശമെത്തിയിരുന്നു. പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക്‌ പുറമേ മുമ്പ് പാലിയേക്കര വഴി കടന്നുപോകുന്ന വാഹനത്തിനും വീട്ടിലിരുന്ന് ടോളയ്ക്കേണ്ടിവന്നിട്ടുണ്ട്.

ചെയ്യാത്ത യാത്രയ്ക്ക് വാഹനത്തിന്റെ പേരിൽ ടോൾ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോൾപ്ലാസ അധികൃതർക്കും ടോൾഫ്രീ നമ്പറിലും പരാതി നൽകി കാത്തിരിക്കുകയാണിപ്പോൾ. മറ്റൊരു വാഹനം ടോൾപ്ലാസ കടക്കുമ്പോൾ ശിവാനന്ദന്റെ ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് തുക നഷ്ടപ്പെടുന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ ടോൾപ്ലാസ അധികൃതർക്കും കഴിയുന്നില്ല. ബുധനാഴ്ച തുക നഷ്ടപ്പെട്ടതോടെ അക്കൗണ്ടിൽ ബാലൻസ് 21 രൂപ 28 പൈസയായി കുറഞ്ഞു. ഇനി റീചാർജ് ചെയ്യുന്നില്ലെന്ന് ശിവാനന്ദൻ പറയുന്നു. അക്കൗണ്ടിൽ തുകയില്ലാത്തതിനാൽ ടോൾപ്ലാസയിൽ അധികപിഴ ചുമത്തുമെന്നതിനാൽ അജ്ഞാതവാഹനത്തെയും യാത്രക്കാരനെയും ഇനിയെങ്കിലും തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയിലാണ് ശിവാനന്ദൻ.