വിളയൂര്‍: കൂട്ടുകൃഷി സമ്പ്രദായത്തില്‍ വിളയൂരില്‍ നെല്‍ക്കൃഷിക്ക് പുതുജീവന്‍. വള്ളിയത്ത് പാടശേഖരത്തിലെ 65 ഏക്കറിലെ ഒന്നാംവിള നെല്‍ക്കൃഷിക്കുപിറകേ കണ്ടേങ്കോവ് പാടശേഖരത്തിലെ 35 ഏക്കറിലും നെല്‍ക്കൃഷിയിറക്കും.

15 വര്‍ഷത്തോളമായി ഒന്നാംവിളയിറക്കാതെ തരിശായി കിടന്നിരുന്ന സ്ഥലത്താണ് ഇത്തവണ കൃഷി നടത്തുന്നത്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ഇടപെടലിലൂടെയാണ് കണ്ടേങ്കാവ് പാടശേഖരത്തിലും കൃഷിയിറക്കുന്നത്. കര്‍ഷകരുടെ കൂട്ടായ്മയിലാണ് ഇവിടെയും കൃഷി നടത്തുക.

ജ്യോതിവിത്ത് ഉപയോഗിച്ചുള്ള ഞാറ്റടിയും ഇതിനായി ഒരുക്കി. കൃഷി ഓഫീസര്‍ വി.പി. സിന്ധുവിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. ബുധനാഴ്ച രാവിലെ ഒന്‍പതിന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. നടീലുത്സവം ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി അധ്യക്ഷനാകും.