വെള്ളിനേഴി: കഥകളിയുടെ ഭൂമികയാണ് വെള്ളിനേഴി. ഇട്ടിരാരിശ്ശമേനോനിലൂടെ രൂപമെടുത്ത, ശിഷ്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കാലത്ത് വളര്‍ന്ന് വികാസം പ്രാപിച്ച 'കല്ലുവഴിച്ചിട്ട' പിറവി കൊണ്ട കഥകളിയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ് കലാഗ്രാമമെന്ന വിശേഷണമുള്ള വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. വേദം, സംസ്‌കൃതം, സംഗീതം, കല എന്നീ മേഖലകളുടെ വിശകലനത്തിലും സാഹിത്യ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച മഹദ്വ്യക്തികളുടെ ജന്മഗൃഹംകൂടിയാണ് ഒളപ്പമണ്ണമന.

തൃശ്ശൂര്‍ ജില്ലയിലെ മായന്നൂരിലെ ഓട്ടൂര്‍ മനയിലെ കുടുംബം 600 വര്‍ഷങ്ങള്‍ക്കുമുന്നേ വെള്ളിനേഴിയില്‍ കുടിയേറിപ്പാര്‍ത്ത് ഒളപ്പമണ്ണ മനക്കാരായെന്നാണ് പറയപ്പെടുന്നത്. മനയുടെ പാരമ്പര്യത്തിന്റെ പഴമ 900 വര്‍ഷമെന്ന് വിശ്വസിക്കുന്നവരുമേറെ. രണ്ട് ദശാബ്ദങ്ങള്‍ക്കുമുന്നേ അന്യംനിന്നുപോകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ വരിക്കാശ്ശേരി മനയില്‍നിന്ന് ദത്തെടുത്തവരുടെ പരമ്പരയാണ് ഇന്നത്തെ ഒളപ്പമണ്ണ കുടുംബം എന്നാണ് ആധികാരികമായ വിലയിരുത്തല്‍. മണ്‍ചുമരും ഓലമേഞ്ഞ പുരയുമായുള്ള മനയായിരുന്നുവെന്നും കേള്‍വി. പിന്നീടാണ് എട്ടുകെട്ട് മാറോട് മേഞ്ഞത്. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ 'പടിക്കല്‍ പന്തീരായിരം' പാട്ടഭൂമിയായി ചാര്‍ത്തിക്കൊടുത്തെന്നും ഗതകാലചരിത്രം.

ഒളപ്പമണ്ണ മന ചെറിയ പുരയായി നിര്‍മിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ എട്ടുകെട്ടിന്റെ പഴക്കം മൂന്നുറിലേറെ വര്‍ഷങ്ങളാണെന്നതിന് തെളിവുകളുണ്ട്. വടക്കിനിയില്‍ ഭഗവതിയുടെ ശ്രീചക്രപ്രതിഷ്ഠയുണ്ട്. എട്ടുകെട്ടുകളായാണ് അറിയപ്പെടുന്നതെങ്കിലും പുരയുടെ അകത്തുള്ള കിണറിന് ചുറ്റുമുള്ള നാലുകെട്ടുംകൂടി കണക്കിലെടുത്താല്‍ പന്ത്രണ്ടുകെട്ടായി പരിഗണിക്കാം.

പത്തായപ്പുരകള്‍ വേറെയും.

കഥകളി കലാരൂപമായി വികാസംപൂണ്ട കാലത്താണ് ഒളപ്പമണ്ണ മനയ്ക്കല്‍ ചിത്രഭാനു നമ്പൂതിരിപ്പാടും വാസുദേവന്‍ നമ്പൂതിരിപ്പാടുംചേര്‍ന്ന് കളിയോഗത്തിന് തുടക്കമിട്ടത്. മന വകയായുള്ള കാന്തള്ളൂര്‍ ക്ഷേത്രം അഗ്രശാലയില്‍ കളരിയും തുടങ്ങി.

ഋഗ്വേദ ഭാഷാപണ്ഡിതന്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിനുശേഷം ഒളപ്പമണ്ണ മന കുടുംബാംഗങ്ങള്‍ രൂപവത്കരിച്ച 'ദേവീപ്രസാദം'

ട്രസ്റ്റാണ് മനയുടെ സംരക്ഷണവും പരിപാലനവും നിര്‍വഹിക്കുന്നത്. ഒ.എം.സി.യുടെ മകന്‍ ഒ.എന്‍. ദാമോദരന്‍ നമ്പൂതിരിപ്പാടായിരുന്നു ആദ്യ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം പരേതനായ ഡോ. ഒ.എന്‍. വാസുദേവന്റെ പത്‌നി ശ്രീദേവി വാസുദേവനാണ് ട്രസ്റ്റിന്റെ ഇപ്പോളത്തെ അധ്യക്ഷ.

15 സിനിമകള്‍ ഇവിടെ ലൊക്കേഷനായി ചിത്രികരിച്ചിട്ടുണ്ട്. 'പരിണയം' മുതല്‍ 'എന്ന് നിന്റെ മൊയ്തീന്‍', 'ആമി', 'ഒടിയന്‍' എന്നിവ വരെ.

മഹാകവി ഒളപ്പമണ്ണ, ബാലസാഹിത്യകാരി സുമംഗല, ഒ.എം. അനുജന്‍ തുടങ്ങിയവരും ഈ മനയുടെ സന്തതികള്‍.