വണ്ടാഴി: പാതിയില്‍ മുടങ്ങിയ വളയില്‍പ്പുഴ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി ഫണ്ട് അനുവദിക്കുമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ. പറഞ്ഞു. ചിറ്റടിക്ക് സമീപം വളയില്‍പ്പുഴയില്‍ തടയണകെട്ടി വെള്ളം മംഗലംഡാം വലതുകര കനാലിലേക്ക് പമ്പ് ചെയ്യുന്നതാണ് പദ്ധതി.

ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് തുടങ്ങിയത്. രണ്ടാംവിള നെല്‍ക്കൃഷിക്ക് പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തടയണ കെട്ടലും പമ്പ് ഹൗസ് നിര്‍മിക്കലും പൂര്‍ത്തിയായപ്പോഴേക്കും അനുവദിച്ച തുക കഴിഞ്ഞു. മോട്ടോറും പമ്പ് സെറ്റും സ്ഥാപിക്കാനായില്ല. കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ തുകയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി വണ്ടാഴി പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും കെ.ഡി. പ്രസേനന്‍ പറഞ്ഞു. ഉടന്‍തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് പറഞ്ഞു.