വടക്കഞ്ചേരി: ക്ലീന്‍ വടക്കഞ്ചേരി പദ്ധതിയുടെ ഭാഗമായി വ്യാപാരികളില്‍നിന്ന് പഞ്ചായത്ത് അമിതമായി യൂസര്‍ഫീസ് ഈടാക്കാന്‍ ശ്രമിക്കുന്നതായി പരാതി. പദ്ധതിയുടെ നടത്തിപ്പിനായി വ്യപാരികളില്‍നിന്ന് നിശ്ചിത തുക ഈടാക്കുമെന്ന് പഞ്ചായത്ത് വിജ്ഞാപനമിറക്കിയിരുന്നു. കടകളില്‍നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് വളമാക്കുന്നതിന്റെ ചെലവുകള്‍ക്കായാണ് യൂസര്‍ഫീ ഈടാക്കാന്‍ തീരുമാനിച്ചത്.

പതിനഞ്ചുപേരടങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് മാലിന്യം ശേഖരിക്കുന്നത്.

പഞ്ചായത്ത് നിശ്ചയിച്ച നിരക്കുകള്‍ അമിതമാണെന്നാണ് വ്യാപാരികളുടെ പരാതി. ഹോട്ടലുകളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ച് മാസം 500, 1000, 1500 രൂപയാണ് തുക നിശ്ചയിച്ചിട്ടുള്ളത്. പച്ചക്കറികടകള്‍ക്ക് 300 മുതല്‍ 3000 രൂപവരെയാണ് തുക. വ്യാപാരികളുടെ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിനായി വ്യാഴാഴ്ച വ്യാപാരി പ്രതിനിധികളും പഞ്ചായത്തധികൃതരുംതമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

എത്ര രൂപ യൂസര്‍ഫീ നല്‍കാമെന്നതിനെക്കുറിച്ച് വ്യാപാരികളുമായി ആലോചിക്കുന്നതിനായി രണ്ടാഴ്ച സമയംവേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബോബന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. വ്യാപാരികളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി രണ്ടാഴ്ചയ്ക്കുശേഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീണ്ടും യോഗംചേരും. കടകള്‍ക്കനുസരിച്ച് ന്യായമായ യൂസര്‍ഫീയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ഭൂരിഭാഗം കടയുടമകളും ദിവസേന പത്തുരൂപ നല്‍കുന്ന വിഭാഗത്തിലാണ് വരുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

മൊത്തവ്യാപാരകടകള്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമാണ് 10 രൂപയില്‍ക്കൂടുതല്‍ നിശ്ചയിച്ചിട്ടുള്ളത്. മൊത്തവ്യാപാരികള്‍ക്കായി നിശ്ചയിച്ച തുക എല്ലാവരും നല്‍കണമെന്ന രീതിയിലുള്ള വ്യാഖ്യാനമാണ് അമിത തുക ഈടാക്കുന്നതായുള്ള തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്ന് സെക്രട്ടറി പറഞ്ഞു.