പാലക്കാട്: ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെ തൃത്താലയില്‍ സ്ഥാനാര്‍ഥിയായി വേണ്ടെന്ന് പ്രാദേശികനേതൃത്വം പറഞ്ഞതിന് ജില്ലാ സമ്മേളനത്തില്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സ്ഥിരീകരണം. എന്നാല്‍ സ്വരാജിന്റെപേര് പിണറായി പരാമര്‍ശിച്ചില്ല.

തൃത്താലയിലെ തോല്‍വി അന്വേഷിച്ച കമ്മിഷന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തുടക്കത്തിലുണ്ടായ കാര്യങ്ങളൊന്നും പറയാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സ്ഥാനാര്‍ഥിയായിരുന്ന സുബൈദ ഇസ്ഹാക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ജാതി, സമുദായ പ്രശ്‌നങ്ങളും മറ്റും പറഞ്ഞ് കാര്യമായി എവിടെയും തൊടാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ ചിലരുടെ സ്ഥാനാര്‍ഥിമോഹവും അതുകൊണ്ടുതന്നെ ഏകോപനമില്ലാതിരുന്ന തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുമാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന വിലയിരുത്തലാണ് പിണറായിയുടെ മറുപടിപ്രസംഗത്തിലൂടെ വ്യക്തമായത്.

സ്വരാജിനെ തൃത്താലയില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം തീരുമാനിച്ചിരുന്നു. ജയിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെ ആദ്യം തന്നിരുന്നു എന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ ഇല്ലാത്തതും വേണ്ടാത്തതും പറഞ്ഞ് അതില്ലാതാക്കി. അനാവശ്യമായി വിവാദത്തിനില്ലെന്നുപറഞ്ഞ് അദ്ദേഹംതന്നെ സ്വയം ഒഴിഞ്ഞുവെന്നും പിണറായി പറഞ്ഞതായാണ് അറിയുന്നത്.

തൃപ്പൂണിത്തുറയില്‍ മന്ത്രി കെ. ബാബുവിനെ പരാജയപ്പെടുത്തി 35 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. തൃത്താലയില്‍ കരുത്തനായ സ്ഥാനാര്‍ഥിയില്ലായിരുന്നുവെന്ന് ചില പ്രാദേശിക നേതാക്കള്‍ സമ്മേളനത്തില്‍ ഉന്നയിച്ചതിനാണ് പിണറായി വിജയന്‍ ശക്തമായി മറുപടി പറഞ്ഞത്.

സി.പി.എമ്മിന്റെ ഉറച്ച സീറ്റായിരുന്ന തൃത്താല വി.ടി. ബല്‍റാമില്‍നിന്ന് തിരിച്ചുപിടിക്കാന്‍ എം. സ്വരാജിനെപ്പോലെ ശക്തനായ നേതാവിനെ ഉപയോഗപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുത്തിയതിലുള്ള അതൃപ്തിയാണ് പിണറായി പ്രകടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. നേതാക്കളായ കെ. പ്രേംകുമാറിന്റെയും വി.പി. റജീനയുടെയും പേരുകള്‍ വന്നിരുന്നുവെങ്കിലും പ്രാദേശികമായ പിന്തുണ ലഭിച്ചില്ല. തിരഞ്ഞെടുപ്പുസമയത്ത് ബാക്കി ഏരിയാ കമ്മിറ്റികളെല്ലാം സ്ഥാനാര്‍ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തൃത്താലയില്‍നിന്ന് ആരെയും നിര്‍ദേശിച്ചിരുന്നില്ല. ഇത് ചിലരുടെ വ്യക്തിപരമായ താത്പര്യങ്ങളാലായിരുന്നു എന്നാണ് ആരോപണം.

ഒടുവില്‍ സുബൈദ ഇസ്ഹാഖ് സ്ഥാനാര്‍ഥിയാപ്പോഴും പ്രദേശികതലത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ഉണ്ടായില്ല എന്നതാണ് തോല്‍വിയിലേക്ക് നയിച്ചത്.