തിരുപ്പൂര്‍: രാക്കിയപാളയത്തിനടുത്ത് ഒരുവീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് സമീപത്തുണ്ടായിരുന്ന 36 വീടുകള്‍ കത്തിനശിച്ചു. എട്ടുപേര്‍ക്ക് പൊള്ളലേറ്റു.

ചിന്നദുരൈ, ദുരൈസാമി എന്നിവര്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീടുകളാണ് കത്തിയെരിഞ്ഞത്.
ഓരോ വീടുകളും ഒന്നിനോടൊന്നുചേര്‍ന്ന രീതിയിലാണ് നിര്‍മിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഒരു വീട്ടില്‍ തീ പിടിച്ചത് അണയ്ക്കുന്നതിനിടയില്‍ ആ വീട്ടിലെ ഒരു ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
തുടര്‍ന്ന് തീ മറ്റ് വീടുകളിലേക്കും പടര്‍ന്നു. തീയണയ്ക്കാന്‍ ശ്രമിച്ച ആളുകള്‍ക്കാണ് പൊള്ളലേറ്റത്.
അഗ്നിശമനസേനയെ ഉടന്‍ വിവരമറിയിച്ചെങ്കിലും അവരെത്തുന്നതിനുമുന്‍പേ എല്ലാ വീടുകളും കത്തിച്ചാരമായി.
 
തമിഴ്‌നാട്ടിലെ മറ്റുജില്ലകളില്‍നിന്നുള്ളവരും ഉത്തരേന്ത്യന്‍ ബനിയന്‍ തൊഴിലാളികളുമാണ് കുടുംബത്തോടെ വീടുകളില്‍ താമസിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും ബനിയന്‍ കമ്പനികളില്‍ ജോലിയ്ക്കുപോയ സമയത്താണ് അപകടമുണ്ടായത്. അതിനാല്‍ വന്‍അപകടം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.