തിരുമിറ്റക്കോട്: അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ സാംസ്‌കാരിക കൂട്ടായ്മ വേണമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

ആറങ്ങോട്ടുകര കനവ് സാംസ്‌കാരികസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ 'ഫാസിസ്റ്റ് കാലത്തെ സാംസ്‌കാരിക പ്രതിരോധം' എന്ന വിഷയത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളിലൂടെയടക്കം വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ വലിയതോതില്‍ ഫാസിസ്റ്റ് ഇടപെടലുകളുണ്ടാവുന്നുണ്ടെന്നും ബേബി പറഞ്ഞു.

സംഗമത്തില്‍ സ്ത്രീ, ദലിത്, പരിസ്ഥിതി വിഷയങ്ങള്‍ പ്രമേയമാക്കിയ കുഞ്ഞുകവിതകള്‍, കുഞ്ഞുകഥകള്‍, കുറിപ്പുകള്‍, പാട്ടുകള്‍, നാടകം, ചിത്രരചന എന്നിവയുണ്ടായി. സംഗമത്തിന് ബിപിന്‍ ആറങ്ങോട്ടുകര, ജയപ്രകാശ് വരവൂര്‍, സതീശന്‍ മൊറാഴ എന്നിവര്‍ നേതൃത്വം നല്‍കി. സംവിധായകന്‍ എം.ജി. ശശിയുടെ 'അഴിക്കോട് മാഷ്' ചലച്ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.