തിരുമിറ്റക്കോട് : സ്വന്തം വിദ്യാലയത്തിലെ ഉച്ചഭക്ഷണം മികവുറ്റതാക്കാന്‍ എന്തുചെയ്യണമെന്ന അധ്യാപികയുടെ ചോദ്യത്തിന് കുട്ടികള്‍ നല്‍കിയ മറുപടിയാണ് എന്റെപിറന്നാളിന് എന്റെ പച്ചക്കറി. കൃഷിയും അനുബന്ധകാര്യങ്ങളും അടുത്തറിയാനും വിഷമില്ലാത്ത പച്ചക്കറി ഭക്ഷണത്തിന്റെ ഭാഗമാക്കാനും സ്‌കൂളിലെ വിദ്യാര്‍ഥികളാണ് എന്റെ പിറന്നാളിന് എന്റെ പച്ചക്കറി കൊണ്ടുവരാമെന്ന കാര്യം മുന്നോട്ടുെവച്ചത്.

തിരുമിറ്റക്കോട് ഇട്ടോണം എ.എല്‍.പി. സ്‌കൂളിലാണ് പിറന്നാള്‍ദിനത്തില്‍ കുട്ടികളുടെ വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറി മിഠായിക്കുപകരം വിദ്യാലയത്തിലേക്ക് കൊണ്ടുവരുന്നത്. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ കുട്ടികളുടെ വീടുകളില്‍ ഉണ്ടാക്കിയ പച്ചക്കറിയുപയോഗിച്ച് കറിയുണ്ടാക്കി എല്ലാവരും കൂട്ടായി കഴിക്കയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ നടത്തുന്ന കൃഷിയറിവ് നല്‍കാനായി വിദ്യാലയത്തിലെ അധ്യാപകരും കൂടെയുണ്ട്.