തത്തമംഗലം: പരുത്തിക്കാവ് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് ഇനി കൃഷിയുണങ്ങുമെന്ന ഭയം വേണ്ട. പരുത്തിക്കാവിലെ രണ്ടര ഏക്കര്‍ വരുന്ന ആണ്ടി പൊട്ടക്കുളം നവീകരിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി.

മണ്ണും ചെളിയും നിറഞ്ഞും കാട്ടുചെടികള്‍ വളര്‍ന്നും കുളം നികന്നിരുന്നു.

മുന്‍കാലങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിക്ക് ഈ കുളത്തില്‍നിന്നാണ് വെള്ളമെടുത്തിരുന്നത്. കുളം നികന്നതോടെ ഉടമയും എഴുതിത്തള്ളി. പൊട്ടക്കുളം നല്ല കുളമാക്കണമെന്ന് പരുത്തിക്കാവിലെ കര്‍ഷകരാണ് തീരുമാനിച്ചത്. കുളം നവീകരിക്കുന്നതിന് കുളമുടമയും പാടശേഖരസമിതി അംഗവുമായ വിജയകുമാരിയില്‍നിന്ന് സമ്മതവും വാങ്ങി. കുളം ആഴപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെ സേവനത്തിന് നഗരസഭാധികൃതരെ സമീപിച്ച് സഹായം തേടി.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും കര്‍ഷകരും ഒത്തുകൂടി നവീകരണപ്രവര്‍ത്തനം നടത്തി. 532 തൊഴിലാളികള്‍ 20 ദിവസം കൊണ്ട് കുളം ആഴപ്പെടുത്തി നാലുവശവും ബണ്ട് നിര്‍മിച്ചു. മഴയും കനാല്‍വെള്ളവും ലഭിക്കുന്നതോടെ കുളം നിറയുമെന്നും ജലക്ഷാമം മൂലം പരുത്തിക്കാവില്‍ കൃഷിയുണങ്ങില്ലെന്നും പ്രതീക്ഷിക്കുന്നതായി പാടശേഖരസമിതി സെക്രട്ടറി ടി.എ. വിശ്വനാഥന്‍ പറഞ്ഞു.