ശ്രീകൃഷ്ണപുരം: കാരാകുറിശ്ശി ഗ്രാമശ്രീ ഖാദി നെയ്ത്തുകേന്ദ്രം നാടിന് സമര്‍പ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ 32 ലക്ഷം രൂപ ചെലവിലാണ് നെയ്ത്തുകേന്ദ്രം നിര്‍മിച്ചത്. കാരാകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച എട്ടുസെന്റ് സ്ഥലത്താണ് കെട്ടിടം. കേരള ഖാദിഗ്രാമവ്യവസായബോര്‍ഡുമായി ചേര്‍ന്നാണ് കുപ്പടം മുണ്ടുകള്‍ നെയ്യുന്ന സ്ഥാപനം ആരംഭിക്കുന്നത്.

ഒന്നും രണ്ടും ഘട്ടങ്ങളിലായി 20 പേര്‍ക്കുവീതം തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്ക് ആറുമാസം നിശ്ചിതതുകയോടുകൂടിയുള്ള പരിശീലനം നല്‍കും.

കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.ബി. രാജേഷ് എം.പി. നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. കാരാകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മജീദ്, ജ്യോതിവാസന്‍, ടി. രാമചന്ദ്രന്‍, പി.എം. നാരായണന്‍, കെ. പ്രീത, പി. അംബുജാക്ഷി, ഉഷ നാരായണന്‍, ആയിഷ കാസിം തുടങ്ങിയവര്‍ സംസാരിച്ചു.