ഷൊര്‍ണൂര്‍: തകര്‍ന്ന കൊച്ചിന്‍ പാലം സംരക്ഷിച്ച് സ്മാരകമാക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന്റെ ഭാഗമായി പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാലം സംരക്ഷണസമിതിയുടെ ആവശ്യപ്രകാരമായിരുന്നു പരിശോധന.

പ്രഥമപരിശോധനയില്‍ 115 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നതായി കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് സ്മിത എസ്. കുമാര്‍ പറഞ്ഞു. പഴയരേഖകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. റെയില്‍വേയുടെ കൈവശമുള്ള രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

തകര്‍ന്നപാലം പൊളിക്കരുതെന്നും സ്മാരകമാക്കി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പാലം സംരക്ഷണസമിതി, പുരാവസ്തുവകുപ്പിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിക്കരുതെന്ന് കളക്ടറോട് നിര്‍ദേശിച്ചിരുന്നു.

സംരക്ഷിക്കപ്പെടേണ്ടതുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പഠനവിധേയമാക്കിയശേഷമായിരിക്കും സ്മാരകമെന്ന ആവശ്യം പരിഗണിക്കുക. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് മാത്രമേ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ പരിഗണന ലഭിക്കൂവെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെകൂടി രേഖകള്‍ പരിശോധിക്കുന്നതോടെ കൊച്ചിന്‍ പാലത്തിന്റെ ഏകദേശ വിവരങ്ങള്‍ ലഭിക്കും. തുടര്‍ന്ന്, പുരാവസ്തുവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ സംസ്ഥാന പുരാവസ്തുവകുപ്പിന് തീരുമാനമെടുക്കാനാവും. അസി. ആര്‍ക്കിയോളജിസ്റ്റ് എം.ആര്‍. ഗംഗാദേവി, സര്‍വേയര്‍ എല്‍.ആര്‍. രാഗേഷ് എന്നിവരും പരിശോധനയ്‌ക്കെത്തിയിരുന്നു.