ഷൊര്‍ണൂര്‍: തെക്കേറോഡിലെ പമ്പ് ഹൗസ് റോഡില്‍ പൈപ്പ് സ്ഥാപിക്കാനെടുത്ത വലിയ കുഴി അപകടഭീഷണിയാവുന്നു. ഗണേശ്ഗിരി സ്‌കൂളിലേക്ക് പോകാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വഴിയാണിത്. വിദ്യാര്‍ഥികള്‍ പത്തടിയോളം ആഴമുള്ള കുഴിക്കരികിലൂടെ വേണം, കടന്നുപോകാന്‍. വേഗത്തില്‍ സ്‌കൂളിലെത്താന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ ഈ റോഡിനെ ആശ്രയിക്കുന്നത്. ടൗണില്‍ ബസ്സിറങ്ങി നടക്കുന്നവരും പമ്പ് ഹൗസ് റോഡിലൂടെയാണ് പോകുകയെന്നും സമീപവാസികള്‍ പറയുന്നു.

റെയില്‍വേ സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനായാണ് കുഴിയെടുത്തത്.

എന്നാല്‍, പണി നടന്ന് പത്ത് ദിവസമായിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ലെന്നാണ് പരാതി. പമ്പ് ഹൗസ് റോഡിന്റെ മുഴുവന്‍ ഭാഗവും കുഴിയെടുത്തതാണ് കാല്‍നടയാത്രയ്ക്കുപോലും കഴിയാത്തവിധം പ്രശ്‌നമായത്. റോഡില്‍ പൈപ്പ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, പമ്പ് ഹൗസ് റോഡിലെ പൈപ്പ് മാറ്റല്‍ നടപടികള്‍ പൂര്‍ത്തിയായെന്നും സാങ്കേതികതടസ്സമാണ് പ്രശ്‌നത്തിന് കാരണമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.