പൊള്ളാച്ചി: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ സബ്കളക്ടറുടെ ഓഫീസ് ഉപരോധിച്ചു. അനുവാദമില്ലാതെ സമരം നടത്തിയ 30 സ്ത്രീകളടക്കം 68 പേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

തെങ്ങ് കൂടുതലുള്ള ആനമല, പൊള്ളാച്ചി ഭാഗങ്ങളില്‍ തെങ്ങുത്പന്ന തൊഴില്‍ശാലകള്‍ സ്ഥാപിക്കണം, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ഉപകരണങ്ങളും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണം, നദികള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ പരിരക്ഷിക്കണം, മലിനജലം, വ്യവസായ മലിനജലങ്ങള്‍ നദികളില്‍ കലക്കുന്നത് തടയണം, 100 നാള്‍ ജോലി 200 ദിനങ്ങളായി മാറ്റണം, ദിവസക്കൂലിയായി 400 രൂപ നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

പൊള്ളാച്ചി സി.പി.എം. താലൂക്ക് സെക്രട്ടറി മഹാലിംഗം, ആനമല ബ്ലോക്ക് സി.പി.എം. സെക്രട്ടറി ദുരൈസാമി, കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോയമ്പത്തൂര്‍ ജില്ലാസെക്രട്ടറി തിരുമലൈസാമി തുടങ്ങിയവര്‍ പങ്കെടുത്തു.