പഴനി: കൊടൈക്കനാലില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. പഴനി- കൊടൈക്കനാല്‍ റോഡ് വടകൗഞ്ചി ജങ്ഷന്‍ ഭാഗത്തുള്ള പത്തിലധികം ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. വലിയമരങ്ങള്‍ മുറിഞ്ഞുവീഴുകയും വലിയപാറകള്‍ റോഡിലേക്ക് ഉരുണ്ടുവീഴുകയും ചെയ്തതതോടെ പഴനി-കൊടൈക്കനാല്‍ റോഡില്‍ ഗതാഗതം മുടങ്ങി.

മഴ തുടര്‍ന്നതിനാല്‍ പാറ പൊട്ടിച്ചുമാറ്റാന്‍ താമസമുണ്ടെന്നും ഗതാഗതം സാധാരണനിലയിലാകാന്‍ മൂന്നുദിവസം മുതല്‍ അഞ്ചുദിവസംവരെ എടുക്കുമെന്നും ദിണ്ടിക്കല്‍ ജില്ലാ ഹൈവേ വകുപ്പ് എന്‍ജിനീയര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. റോഡില്‍ ഗതാഗതം നിര്‍ത്തിയ സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് വത്തലഗുണ്ട് റോഡ് വഴി കൊടൈക്കനാലിലേക്ക് പോകാമെന്ന് ചന്ദ്രശേഖരന്‍ അറിയിച്ചു.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് വടകൗഞ്ചി ജങ്ഷനടുത്ത് മേല്‍മലൈ, കീഴ്മലൈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതും വലിയമരങ്ങള്‍ മുറിഞ്ഞുവീണതും. റോഡിന്റെ നടുവിലേക്ക് വലിയപാറ ഉരുണ്ടുവീണ സമയത്ത് വാഹനങ്ങളൊന്നും വരാഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ദേശീയപാതാ അധികൃതര്‍ മരങ്ങളുംമറ്റും നീക്കംചെയ്‌തെങ്കിലും റോഡിലുറച്ച പാറ മാറ്റാന്‍ കഴിഞ്ഞില്ല.

മൂന്നുദിവസമായി വലിയ ഡ്രില്ലിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് പൊട്ടിച്ചുമാറ്റാന്‍ ശ്രമംനടക്കുന്നുണ്ട്. എന്നാല്‍, മഴകാരണം പ്രവൃത്തി വൈകുകയാണ്. ഈ റോഡിലൂടെ ഗതാഗതം നിലച്ചതോടെ ഈ ഭാഗത്തുള്ള പതിനഞ്ചിലധികം ഗ്രാമങ്ങളിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കയാണ്. ഗതാഗതം നിലച്ചതോടെ റോഡില്‍ക്കുടുങ്ങിപ്പോയവരെ പിന്നീട് വാഹനത്തില്‍നിന്നിറക്കി കടത്തിവിടുകയും ചെയ്തു.