പട്ടാമ്പി: വിളപരിപാലനഗവേഷണത്തിന് പട്ടാമ്പി കാര്‍ഷികഗവേഷണ കേന്ദ്രത്തിന് ദേശീയാംഗീകാരം. അഖിലേന്ത്യ ഏകോപിത നെല്ലുഗവേഷണപദ്ധതിയുടെ സംരക്ഷണ ഗവേഷണത്തിനുള്ള ദേശീയ പുരസ്‌കാരമാണ് കരസ്ഥമാക്കിയത്.
സസ്യേതരവിഭാഗത്തിലെയും കീടശാസ്ത്രവിഭാഗത്തിലെയും ഗവേഷണമികവിനാണ് ഹൈദരാബാദിലെ അഖിലേന്ത്യ നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൈസ് റിസര്‍ച്ച്) അംഗീകാരം. രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളെ പിന്തള്ളിയാണ് പട്ടാമ്പി കേന്ദ്രം നേട്ടം കൊയ്തത്.
നെല്ലില്‍ വ്യാപകമായി കാണുന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ഓലകരിച്ചില്‍, കുലവാട്ടം, പോളചീയല്‍, തവിട്ടുപുള്ളിക്കുത്ത്, ലക്ഷ്മീരോഗം എന്നിവയെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിനാണിത്.
ഓലകരിച്ചില്‍, കുലവാട്ടം തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കളുടെ ജനിതകവ്യതിയാനത്തെയും പ്രതിരോധശേഷി നിര്‍ണയിക്കുന്ന ജീനുകളെയും ഇവിടത്തെ ഗവേഷണപദ്ധതികളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള നെല്ലിനങ്ങള്‍ ഉരുത്തിരിച്ചെടുക്കാന്‍ ഗവേഷണഫലങ്ങള്‍ സഹായിക്കും.
പ്രതിരോധശേഷിയുള്ള പരമ്പരാഗത ഇനങ്ങള്‍ കണ്ടെത്താനും പരിസ്ഥിതിസൗഹൃദ രോഗനിയന്ത്രണപദ്ധതികള്‍ വികസിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍ നടക്കുന്നുണ്ട്.
കീടശാസ്ത്രവിഭാഗത്തില്‍ പ്രധാന കീടങ്ങള്‍ക്കെതിരെയുള്ള ഫെറോമോണ്‍ കണ്ടുപിടിക്കുന്നതിനുള്ള പഠനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇതുകൂടാതെ കീടപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണപദ്ധതികളും നടക്കുന്നു. നെല്ലിലെ സംയോജിത കീടനിയന്ത്രണമാര്‍ഗങ്ങള്‍ പട്ടാമ്പി കേന്ദ്രത്തില്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ ചത്തീസ്ഗഢിലെ റായ്പൂരിലുള്ള ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തില്‍ നടന്ന അഖിലേന്ത്യ ഏകോപിത നെല്ലുഗവേഷണപദ്ധതികളുടെ വാര്‍ഷിക അവലോകനയോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം.
പട്ടാമ്പി കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പി. രാജി, ഡോ. കാര്‍ത്തികേയന്‍ എന്നിവര്‍ റായ്പുര്‍ ഇന്ദിരാഗാന്ധി കാര്‍ഷികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ്.കെ. പാട്ടീലില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.