പട്ടാമ്പി: അറുപതുകാരനായ ആറങ്ങോട്ടുകരക്കാരന്‍ മുഹമ്മദ് പ്രവാസജീവിതത്തിലെ ടാക്‌സിഡ്രൈവറുടെ വേഷമഴിച്ചുവെച്ച് നേരെ കടന്നത് ബ്ലോഗെഴുത്തിലേക്കാണ്. 35വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ പൂലാത്ത് വീട്ടില്‍ മുഹമ്മദ്കുട്ടി ആദ്യം ശ്രദ്ധിച്ചത് തന്റെ എഴുത്തിനെ എങ്ങനെ കൂടുതല്‍ വിപുലമാക്കാമെന്നാണ്.
ഇങ്ങനെയാണ് ബ്ലോഗ് എന്ന ഇന്റര്‍നെറ്റ് ലോകത്തേക്ക് മുഹമ്മദ് എത്തുന്നത്. ഇതിനകം ബ്ലോഗിനെപ്പറ്റി കൂടുതല്‍ പഠിച്ചെടുത്തു. ദിവസങ്ങള്‍ക്കുശേഷം ഓരില എന്ന പേരില്‍ കഥയ്ക്കും ലേഖനങ്ങള്‍ക്കുമായി ബ്ലോഗില്‍ ഒരു പേജുണ്ടാക്കി എഴുത്തുതുടങ്ങി.
നാലുവര്‍ഷമായി ബ്ലോഗെഴുത്തില്‍ മുഹമ്മദ് സജീവ സാന്നിധ്യമാണ്. നിഴല്‍വരകളെന്നപേരില്‍ കവിതയ്ക്കായും മണിമുത്തെന്ന പേരില്‍ ബാലസാഹിത്യത്തിനായും പുതിയ ബ്ലോഗ് പേജുകള്‍ തുറന്നു.
17-ാം വയസ്സുമുതലാണ് മുഹമ്മദ് എഴുത്താരംഭിക്കുന്നത്. ആദ്യ കവിതയും കഥയുമൊക്കെ വന്നത് ആകാശവാണിയിലാണ്. പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളില്‍ കവിതയും നോവലും എഴുതി. സക്കാത്ത് എന്ന കഥയും പത്മതീര്‍ഥം എന്ന നോവലും ശ്രദ്ധേയമായ രചനകളായിരുന്നു. ആ സമയത്ത് തൃശ്ശൂരിലെ സാഹിത്യസംഘടനയായ കലാസദന്റെ മികച്ച ചെറുകഥയ്ക്കുള്ള അവാര്‍ഡ് മുഹമ്മദിന് നല്‍കിയിരുന്നു.
അക്കാലത്ത് ഡ്രൈവറായി നാട്ടില്‍ ജോലിനോക്കുന്ന സമയം ഒരുദിവസം പട്ടാമ്പി കൂട്ടുപാതയില്‍നിന്ന് കവി ഒ.എന്‍.വി.കുറുപ്പും കുടുംബവും ബസ്സില്‍വന്നിറങ്ങി ഒ.എന്‍.വി.യുടെ ഭാര്യവീടായ കൊണ്ടയൂരിലേക്ക് മുഹമ്മദിന്റെ കാറില്‍ക്കയറിയത് ഇദ്ദേഹം ഇപ്പോഴും ഓര്‍ത്തെടുക്കുന്നു. അന്ന് തന്റെ കാറിലിരുന്നിരുന്ന ഒ.എന്‍.വി.യുടെ കവിതാപുസ്തകം എടുത്ത് കാണിച്ചതും കവിതകളെപ്പറ്റി ഏറെ വാചാലനായതും മുഹമ്മദിന്റെ ഓര്‍മകളിലുണ്ട്.
25-ാം വയസ്സിലാണ് കുടുംബഭാരം ഏറ്റെടുത്ത് ഗള്‍ഫിലേക്ക് വിമാനം കയറിയത്. പ്രവാസജീവിതത്തിനിടെ തന്റെവീട്ടില്‍ സൂക്ഷിച്ചിരുന്ന ഒട്ടുമിക്ക രചനകളും നഷ്ടപ്പെട്ടു. വിദേശത്തായിരിക്കുമ്പോഴും ഡ്രൈവിങ് ജോലിയുടെ ഇടവേളകളില്‍ മുഹമ്മദ് എഴുത്തില്‍ സജീവമായിരുന്നു.
ഗള്‍ഫിലെ എഴുത്തുകാരുടെ കൂട്ടായ്മയില്‍ വര്‍ഷങ്ങളോളം സ്ഥിരസാന്നിധ്യമായിരുന്നു. നിലവില്‍ ഓരില ബ്ലോഗ് പേജില്‍ പന്ത്രണ്ടോളം കഥകളും ആറോളം ലേഖനങ്ങളും നിഴല്‍വരകള്‍ പേജില്‍ നാല്‍പ്പതോളം കവിതകളും മുഹമ്മദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുനൂറോളം ഫോളേവേഴ്‌സും 46,000ത്തിലധികം വായനക്കാരും മുഹമ്മദിന്റെ പേജിനുണ്ട്. www.orilakal.com എന്ന് സെര്‍ച്ച് ചെയ്താല്‍ മുഹമ്മദിന്റെ ബ്ലോഗ് പേജ് സന്ദര്‍ശിക്കാം. സുബൈദയാണ് മുഹമ്മദിന്റെ ഭാര്യ. സെമീന, റുബീന, സുഹൈല്‍ എന്നിവര്‍ മക്കളാണ്.