പട്ടാമ്പി: പട്ടാമ്പിയില്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കുന്നതിനായി ജനപ്രതിനിധികളും റെയില്‍വേ അധികൃതരും സന്ദര്‍ശനം നടത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും മറ്റ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് എം.ബി. രാജേഷ് എം.പി., മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ., നഗരസഭാ ഉപാധ്യക്ഷ സി. സംഗീത, റെയില്‍വേ പാലക്കാട് ഡിവിഷണല്‍ എന്‍ജിനീയര്‍ തിരുമാള്‍ തുടങ്ങിയവരടങ്ങിയ സംഘം പട്ടാമ്പിസ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയത്.

റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറേ കമാനത്തിന് സമീപമായി അടിപ്പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രാക്കിനടിയിലൂടെ മൂന്ന് മീറ്റര്‍ വീതിയുള്ള പാതയായിരിക്കും നിര്‍മിക്കുക. പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് എം.ബി. രാജേഷ് എം.പി. പറഞ്ഞു. പദ്ധതിയുടെ എസ്റ്റിമേറ്റ് എത്രയുംപെട്ടെന്ന് റെയില്‍വേ തയ്യാറാക്കി നല്‍കും. നഗരസഭയുടെ നേതൃത്വത്തില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുത്ത് നല്‍കണം. ഏകദേശം നാലുകോടിയോളം ചെലവാണ് പദ്ധതിക്കായി വരിക. എം.പി., എം.എല്‍.എ. ഫണ്ടില്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ അടിപ്പാത യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

ഗതാഗതക്കുരുക്കിനും ശമനമാവും പട്ടാമ്പിയില്‍ റെയില്‍വേ അടിപ്പാത വരുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പടിഞ്ഞാറേ കമാനംവഴി ഇപ്പോള്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പോകുന്നുണ്ട്. അടിപ്പാത വരുന്നതോടെ ചെറുവാഹനങ്ങള്‍ക്കെല്ലാം ഈ പാത ഉപയോഗിക്കാനാവും. പള്ളിപ്പുറം ഭാഗത്തുനിന്ന് നഗരത്തില്‍ പ്രവേശിക്കാതെതന്നെ പെരിന്തല്‍മണ്ണ റോഡിലെത്താനാവും. ട്രാക്കിനപ്പുറത്തുള്ള താലൂക്കാസ്​പത്രി, മിനി സിവില്‍ സ്റ്റേഷന്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും ട്രാക്ക് മുറിച്ചുകടക്കാതെതന്നെ എത്താനാവും. ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിന്‍തട്ടിയുള്ള മരണങ്ങളും ഇവിടെ ഉണ്ടാവാറുണ്ട്.