പത്തിരിപ്പാല: ശക്തമായി വീശിയടിച്ച കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. മങ്കര കണ്ണംപരിയാരം വടക്കേപ്പുര കൃഷ്ണന്‍-ചെല്ലമ്മാള്‍ ദമ്പതിമാരുടെ രണ്ടുമുറിയുള്ള ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

ചുഴലികണക്കെ കാറ്റുവീശിയതായി നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ മരങ്ങളുടെ ചില്ലകള്‍ പൊട്ടിയിട്ടുണ്ട്. പാടത്തുനിന്ന് കൊയ്‌തെടുത്ത നെല്ല് കൊണ്ടുവരാനായി കൃഷ്ണന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഭാര്യ ചെല്ലമ്മാള്‍ മുറ്റത്തുള്ള നെല്ല് ചാക്കിലാക്കുകയായിരുന്നു. തെങ്ങ് വീഴുന്ന ശബ്ദംകേട്ട് ഇവര്‍ പുറത്തേക്കോടിമാറിയതിനാല്‍ രക്ഷപ്പെട്ടു.

വീടിന്റെ മേല്‍ക്കൂര മൊത്തം തകര്‍ന്നു. ഓടുകളും മരക്കഴുക്കോലും പൊട്ടി നാലുഭാഗത്തേക്കും തെറിച്ച നിലയിലാണ്. രണ്ട് മുറിയും അടുക്കളച്ചായ്പും മാത്രമുള്ള വീടിന്റെ ചുമരുകളെല്ലാം വിണ്ടുപൊളിഞ്ഞു.

ഏഴ് സെന്റ് നിലംമാത്രമുള്ള ദമ്പതിമാര്‍ക്ക് വാര്‍ധക്യ പെന്‍ഷനല്ലാതെ മറ്റ് വരുമാനമൊന്നുമില്ലെന്ന് വാര്‍ഡംഗം കെ.വി. ശശികല പറഞ്ഞു. ആശാരി ജോലി ചെയ്തിരുന്ന കൃഷ്ണന്‍ വാര്‍ധക്യസഹജമായ രോഗം കാരണം വര്‍ഷങ്ങളായി വിശ്രമത്തിലാണെന്ന് ഭാര്യ ചെല്ലമ്മാള്‍ പറഞ്ഞു. മകള്‍ വിവാഹിതയായശേഷം ഇരുവരും മാത്രമാണ് വീട്ടില്‍ താമസം.

വീട് തകര്‍ന്നതോടെ താമസിക്കാന്‍ ഇവര്‍ക്ക് മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയാണ്.

ബ്‌ളോക് പഞ്ചായത്തംഗം എം.എന്‍. ഗോകുല്‍ദാസ്, മങ്കര വില്ലേജോഫീസര്‍ രാജേശ്വരി, പഞ്ചായത്തംഗങ്ങളായ പി.പി. സദാശിവന്‍, പി.സി. കുമാരന്‍ എന്നിവരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

പഞ്ചായത്ത് താമസസൗകര്യമൊരുക്കും

തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തി ദമ്പതിമാര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കും. അതിനുള്ള ധനസഹായം അനുവദിക്കും. എസ്. ജിന്‍സി, മങ്കര പഞ്ചായത്ത് പ്രസിഡന്റ്