പാലക്കാട്: നഗരത്തില്‍ പലേടത്തും മഴവെള്ളം ഒലിച്ചുപോകാനുള്ള ചാല്‍നിറയെ മാലിന്യമാണ്. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവും കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന മലിനജലത്തില്‍ കൊതുകിന് വളരാന്‍ സൗകര്യമാണ്.

ഇതിനുപുറമെ നഗരസഭാധികൃതര്‍ വക പ്രത്യേകസ്ഥലം ഒരുക്കിയിട്ടുമുണ്ട്. മറ്റെങ്ങുമല്ല, പത്തുവര്‍ഷം മുമ്പുവരെ ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണ് ഇപ്പോള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായിരിക്കുന്നത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേലാമുറി പട്ടിക്കര അംബേദ്കര്‍കോളനി ഭാഗത്തെ കിണറിനെക്കുറിച്ച് അധികൃതര്‍ ശ്രദ്ധിച്ചിട്ടേയില്ല. 'എട്ടുപത്തുവര്‍ഷം മുമ്പുവരെ അടുത്തുള്ള എല്ലാവീട്ടിലും വെള്ളമെടുത്തതാ. ചാലില്‍ മാലിന്യംതങ്ങിനിന്ന് കിണറ്റിലേക്കിറങ്ങി. ഇപ്പോള്‍ ഒന്നിനും കൊള്ളില്ല. വൈകീട്ടായാല്‍ കൊതുകുശല്യവും രൂക്ഷം' -സമീപത്തുള്ളവര്‍ പറയുന്നു.

കൊതുകുശല്യം രൂക്ഷമായതോെട കിണറ്റില്‍ മണ്ണെണ്ണയും ബ്ലീച്ചിങ് പൗഡറും ഇടേണ്ടിവന്നതായും ഇവര്‍ പറയുന്നു. മാത്രമല്ല, ആള്‍മറയില്‍ പലകകളും പൊട്ടിയ ചട്ടികളും ചെടിച്ചട്ടികളും മറ്റും കയറ്റിവെച്ചിരിക്കയാണിപ്പോള്‍. കിണറിനകത്ത് പ്ലാസ്റ്റിക് കുപ്പികളും.

കിണറിനിരുവശത്തും ചാലുകളാണ്. സമീപത്തെ മിക്ക വീടുകളിലെയും കുളിമുറിയില്‍നിന്നും മറ്റുമുള്ള വെള്ളത്തിന്റെ പൈപ്പ് മഴവെള്ളം ഒഴുകിപ്പോകേണ്ട ചാലുകളിലേക്കാണ് തുറന്നിരിക്കുന്നത്. ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നുമൊക്കെ ഭക്ഷണാവശിഷ്ടവും തുണിക്കഷ്ണങ്ങളും ചാലിലേക്കെത്തുമ്പോള്‍ വെള്ളവും ഒഴുകിപ്പോവാതെ കെട്ടിനില്‍ക്കും. ഇത് നേരേ കിണറ്റിലേക്കുമിറങ്ങും.

കിണര്‍ നന്നാക്കി

അംബേദ്കര്‍ കോളനിയിലേക്കുള്ള വഴിയിലെ കിണര്‍ നാലുമാസംമുമ്പ് നന്നാക്കിയതാണ്. ഒട്ടും ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു കിണറുണ്ടായിരുന്നത്. നാട്ടുകാരുടെ ആവശ്യപ്രകാരം നിര്‍ദിഷ്ട കിണറും നോര്‍ത്ത് പോലീസ് സ്റ്റേഷനടുത്തെ കിണറും നന്നാക്കി. മോട്ടോര്‍വെക്കാമെന്നും അറിയിച്ചിരുന്നു.പി. സാബു,കൗണ്‍സിലര്‍, പട്ടിക്കര വാര്‍ഡ്.