പാലക്കാട്: നദിയുടെ ജീവന്‍ ഒഴുക്കാണ്. പക്ഷേ, നൂറടി റോഡില്‍ മാട്ടുമന്ത കഴിഞ്ഞാല്‍ മുക്കൈ ശിവക്ഷേത്രത്തിന് സമീപത്തുകൂടി നിറഞ്ഞൊഴുകിയിരുന്ന മുക്കൈ പുഴ ഇന്ന് ഓര്‍മയാണ്. മഴയില്ലാത്തപ്പോഴും തെളിനീരൊഴുകിയിരുന്ന മുക്കൈ പുഴയില്‍ ഇപ്പോള്‍ കാടുകയറി. പച്ചപ്പില്‍ പശുക്കള്‍ കൂട്ടത്തോടെ മേയുന്നു.

ഭാരതപ്പുഴയുടെ കൈവഴികളായ കോരയാറും കോയമ്പത്തൂരിലെ തെക്കന്‍ മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന വരട്ടാറും മലമ്പുഴയില്‍നിന്നെത്തുന്ന പുഴയുമായി ചേര്‍ന്ന് ഒഴുകിത്തുടങ്ങുന്ന ഭാഗമാണ് 'മുക്കൈ' അഥവാ മൂന്ന് പുഴക്കൈകള്‍. ക്ഷേത്രവളപ്പില്‍ കയറിനിന്ന് പുഴയുടെ ഭംഗി കാണാനെത്തുന്നവരുടെ മുന്നിലിപ്പോള്‍ പക്ഷേ, പുഴയില്ല. പകരം കാടുപിടിച്ചു കിടക്കുന്ന ഒരു ചാലുമാത്രം.

നിലംപതിപ്പാലത്തിനടുത്ത് പുഴയുടെ ചിലയിടത്തായി അല്പം വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അതും കഴിഞ്ഞദിവസങ്ങളില്‍ പെയ്തമഴയുടെ ശേഷിപ്പാണ്. മുക്കൈ ഇന്ന്, പുഴയാണോ കരയാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്.

കുളിക്കാനും അലക്കാനും നീന്തല്‍ പഠിക്കാനുമൊക്കെയായി വേനലിലും ഈ പുഴയില്‍ ആളൊഴിയാത്ത നേരമുണ്ടായിരുന്നു. പാറകള്‍ക്കരികില്‍ കടവുകെട്ടി അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നു. പുഴയ്ക്ക് ഈ ഭാഗത്ത് വീതികൂടുതലും ഉണ്ടായിരുന്നു. പിന്നീട് പുഴയിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതോടെ ഇതെല്ലാം പഴങ്കഥയായി.

മലമ്പുഴ അണക്കെട്ടും വീടുകളില്‍ പൈപ്പുവെള്ളവും വന്നു. കാലക്രമത്തില്‍ മുക്കൈ പുഴയെ ആളുകള്‍ മറന്നു. ആഫ്രിക്കന്‍ പായലും കുളവാഴകളും പുഴയില്‍ നിറഞ്ഞു. 15-ഓളം കടവുകളുണ്ടായിരുന്ന മുക്കൈ പുഴയില്‍ ഇപ്പോഴുള്ളത് ഒന്നോ രണ്ടോ കടവുമാത്രം.

വെള്ളത്തില്‍ വരച്ചവര

മുക്കൈ പുഴയുടെ നവീകരണത്തിനായി മലമ്പുഴ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. വൃത്തിയാക്കിയ പുഴ പഴയപടിയാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഇപ്പോള്‍ മുക്കൈ പുഴയില്‍ വല്ലപ്പോഴും വെള്ളമൊഴുകുന്നത് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമ്പോളാണ്. അല്ലെങ്കില്‍ മഴവെള്ളം കുത്തിയൊലിച്ചുവരുന്ന ദിവസങ്ങളില്‍ മാത്രം.