പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, പൊതുനിരത്തുകള്‍... എവിടെച്ചെന്നാലും അസൗകര്യങ്ങള്‍ മാത്രമാണ് നേരിടേണ്ടിവരുന്നത്. ചക്രക്കസേരയില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഓഫീസുകളും കെട്ടിടങ്ങളും പരിമിതം. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം.

ചക്രക്കസേരയില്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയുള്ള ജീവിതത്തില്‍നിന്ന് സമൂഹത്തിലേക്കുള്ള വാതില്‍ തുറന്നുനല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭിന്നശേഷിദിനത്തില്‍ വീല്‍ച്ചെയര്‍ നിവേദന സമര്‍പ്പണറാലി നടത്തിയത്.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ (എ.കെ.ഡബ്ല്യു.ആര്‍.എഫ്.) നേതൃത്വത്തിലായിരുന്നു റാലി. 90ഓളം പേര്‍ ഒപ്പിട്ട നിവേദനം ചക്രക്കസേരയിലെത്തി കളക്ടര്‍ക്ക് സമര്‍പ്പിച്ചു.

കേരള സ്റ്റേറ്റ് പോളിസി ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് 2014 പൂര്‍ണമായി കേരള സര്‍ക്കാര്‍ അംഗീകരിക്കുകയും എത്രയുംവേഗം നടപ്പില്‍വരുത്തുകയും ചെയ്യണമെന്നതായിരുന്നു പ്രധാന ആവശ്യം.

റേഷന്‍കാര്‍ഡില്ലാത്തതും മറ്റുമായ ആവശ്യങ്ങളും ചക്രക്കസേരയിലെത്തിയവര്‍ കളക്ടറോട് പറഞ്ഞു. എ.കെ.ഡബ്ല്യു.ആര്‍.എഫ്. സംസ്ഥാന വൈസ്​പ്രസിഡന്റ് പി.കെ. വാസുദേവന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ അഷ്‌റഫ് ചെര്‍പ്പുളശ്ശേരി, രജീഷ് മണ്ണാര്‍ക്കാട്, സുമേഷ് ആലത്തൂര്‍, ശിവമണി ഒറ്റപ്പാലം, ഹനീഫ പട്ടാമ്പി, സാമൂഹികപ്രവര്‍ത്തകനായ കാദര്‍ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം സമര്‍പ്പിച്ചത്.

നിവേദനത്തിലെ ആവശ്യങ്ങള്‍ ചുമതലപ്പെട്ടവരെ അറിയിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.