പാലക്കാട്: എരട്ടയാലില്‍ നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. അരമണിക്കൂറോളം ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ എയ്ത്ത് സ്ട്രീറ്റ് ഭാരതിയാര്‍ നഗറില്‍ സുബ്ബയ്യയുടെ മകന്‍ ഷണ്‍മുഖനാണ് (50) കണ്ടെയ്‌നര്‍ ലോറിയുടെ കാബിനില്‍ അരയ്ക്ക് കീഴ്ഭാഗം കുടുങ്ങിക്കിടന്നത്.

വെള്ളിയാഴ്ച രാവിലെ 7.10നാണ് അപകടം. എരട്ടയാലില്‍ പോളിടെക്‌നിക്കിന് സമീപം കാസിംറാവുത്തരുടെ മകന്‍ ജബ്ബാറിന്റെ വീടിന്റെ വശത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. വീടിനരികിലെ ഗോവണിയിലിടിച്ചതിനാല്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചില്ല.

മംഗലാപുരത്തുനിന്ന് സാധനങ്ങളുമായി പൊള്ളാച്ചിയിേലക്ക് പോവുകയായിരുന്നു ഷണ്‍മുഖന്‍. കഞ്ചിക്കോട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി കാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഷണ്‍മുഖനെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ. ഷാജി, ലീഡിങ് ഫയര്‍മാന്‍ ജി. മധു, മറ്റുദ്യോഗസ്ഥരായ രമേഷ് കുമാര്‍, സന്ദീപ്, കൃഷ്ണദാസ്, സബീഖ്, മുകേഷ്, അപ്പുണ്ണി, രാജേന്ദ്രന്‍ എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.