പാലക്കാട്: ആദ്യം പേടിച്ച് പൊരിവെയിലില്‍ ബസിന്റെ പുറത്ത് ഊഴംകാത്തുനിന്നു. ഇതുകണ്ട ഒരു യാത്രക്കാരന്‍ വിദ്യാര്‍ഥിനിയോട് ബസിനുള്ളില്‍ കയറിയിരിക്കാന്‍ പറഞ്ഞു. സംശയിച്ച് കയറിയപ്പോള്‍ ബസ് ജീവനക്കാരുടെ ശകാരം. ഇത് ചോദ്യംചെയ്ത യാത്രക്കാരനുമായി വാക്കേറ്റം.

ഒടുവില്‍ പെണ്‍കുട്ടിയെ പുറത്തിറക്കി കാത്തുനിര്‍ത്തിച്ചിട്ടേ ബസ് ജീവനക്കാരന്‍ അടങ്ങിയുള്ളൂ. അപമാനിതയായ വിദ്യാര്‍ഥിനി പുറത്ത് വീണ്ടും കാത്തുനിന്നു. ഒപ്പം മറ്റ് നിരവധി വിദ്യാര്‍ഥിനികളും.

സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെ പാലക്കാട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന സെവന്‍ഹില്‍സ് ബസില്‍ കയറുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. മറ്റുപല ബസുകളിലും കുട്ടികള്‍ പുറത്ത് വരിനില്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍, പോലീസോ മോട്ടോര്‍വാഹനവകുപ്പ് അധികൃതരോ ഇവിടെയുണ്ടായില്ല. എസ്.എസ്.എല്‍.സി., പ്‌ളസ്ടു പരീക്ഷയായതിനാല്‍ മറ്റുകുട്ടികള്‍ക്ക് ക്‌ളാസുണ്ടായില്ല. അതിനാല്‍ കാര്യമായ തിരക്കുമുണ്ടായില്ല. എന്നാല്‍, ടി.ടി.സി. വിദ്യാര്‍ഥിനികളെയടക്കം പുറത്ത് വരിനിര്‍ത്തി ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു മിക്കവരും.

ബസില്‍ കയറാന്‍ കുട്ടികളെ കാത്തുനിര്‍ത്തുന്നതിനും സീറ്റുണ്ടായിട്ടും ഇരിക്കാന്‍ അനുവദിക്കാത്തതിനുമെതിരേ 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരം നടപടികള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, ഇതിന് യാതൊരു വിലയും കല്പിക്കാത്ത നയമാണ് ബസുകാരില്‍നിന്നുണ്ടായത്. മോട്ടോര്‍വാഹനവകുപ്പധികൃതരും ബസ് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണിതിന്റെ പിന്നിലെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോപണമുണ്ട്. പാലക്കാട്ട് ഒരു ബസിനെതിരെപ്പോലും അധികൃതര്‍ നടപടിയെടുത്തുമില്ല.ഇന്നുമുതല്‍ പരിശോധന കര്‍ശനമാക്കുംമോട്ടോര്‍വാഹനവകുപ്പ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ജീവനക്കാര്‍ക്ക് ബുധനാഴ്ച മലപ്പുറത്തായിരുന്നു ജോലി. മലപ്പുറം ജില്ലയില്‍ വാഹനപരിശോധനയ്ക്കായി അടിയന്തരമായി എല്ലാവരേയും അവിടേക്ക് അയയ്ക്കുകയായിരുന്നു. വ്യാഴാഴ്ചമുതല്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കും.

- ആര്‍.ടി.ഒ., പാലക്കാട്.