പാലക്കാട്: സംസ്ഥാനത്ത് നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ജീവനക്കാര്‍ക്കുള്ള പൊതുസ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വൈകുന്നതായി പരാതി. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ക്ലാര്‍ക്കുമാര്‍, സൂപ്രണ്ട്, റവന്യൂ ഓഫീസര്‍മാര്‍ തുടങ്ങി വിവിധ തസ്തികകളിലായി 275 പേരുടെ സ്ഥലംമാറ്റവും മുന്നൂറിനടുത്ത് പേരുടെ സ്ഥാനക്കയറ്റവുമാണ് മാസങ്ങളായി വൈകിയത്.

മെയ് മാസം നടക്കേണ്ട മാറ്റങ്ങളാണിത്. ഇതിനിടയില്‍ ഇരുപതിലധികം ജീവനക്കാര്‍ വിരമിക്കുകയും ചെയ്‌തെന്ന് ജീവനക്കാര്‍ പറയുന്നു.

വിഷയത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ നഗരസഭയിലും കോര്‍പറേഷനുകളിലും ജീവനക്കാര്‍ പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് കേരള മുനിസിപ്പല്‍ സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി ബാബു ലൂയിസ് പറഞ്ഞു.

എന്നാല്‍ സ്ഥലംമാറ്റത്തിലെയും സ്ഥാനക്കയറ്റത്തിലെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന ഉറപ്പുവരുത്താന്‍ വന്ന കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും വെള്ളിയാഴ്ചയോ അല്ലെങ്കില്‍ ഈയാഴ്ചയോ ഉത്തരവ് പുറത്തിറക്കുമെന്നും ഡയറക്ടര്‍ പറയുകയുണ്ടായി.