പാലക്കാട്: കോയമ്പത്തൂര്‍ ദേശീയപാതയില്‍ മരുതറോഡ് ബസ് സ്റ്റോപ്പിനുസമീപം ബസിനുപിറകില്‍ ടാങ്കര്‍ലോറിയിടിച്ച് വിദ്യാര്‍ഥികളുള്‍പ്പെടെ 19 പേര്‍ക്ക് പരിക്ക്. പാലക്കാട്ടുനിന്ന് വാളയാറിലേക്ക് പോകുന്ന സ്വകാര്യബസും കൊച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് ഫ്യൂമിക് ആസിഡുമായി പോകുന്ന ടാങ്കറുമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് 4.55 ഓടെയായിരുന്നു സംഭവം.

പരിക്കേറ്റ പാലക്കാട് ചിന്മയമിഷന്‍ കോളേജ് വിദ്യാര്‍ഥി കുരുടിക്കാട് കാളിയത്ത് വീട്ടില്‍ ഷിനോ (19), ഭാരതമാത സ്‌കൂളിലെ നല്ലേപ്പിള്ളി ഉഷസ്സ് ഭവനത്തില്‍ റോഷന്‍ (17), പുതുശ്ശേരി നീലിക്കാട് ഗോപി (18), ഭാരതമാത സ്‌കൂളിലെ കുരുടിക്കാട് വൃന്ദാവനത്തില്‍ അഭിഷേക് (17), ചിന്മയമിഷന്‍ കോളേജിലെ കഞ്ചിക്കോട് പ്രീക്കോട്ട് മില്‍ കോളനി മാനവത്തില്‍ അമൃത (17), മലമ്പുഴ ജി.വി.എച്ച്.എസിലെ ചുള്ളിമടയില്‍ ജസീന്ത (12), ജനീഫ (13), എം.ഇ.എസ്. സ്‌കൂളിലെ വാളയാര്‍സ്വദേശി സഫ്‌ന (20), എലിമെന്ററി കോളജിലെ പുതുശ്ശേരി സ്വദേശി സുജിത് (20), കഞ്ചിക്കോട് എ.വി.പി. റോഡില്‍ രാഹുല്‍ (18), കസബ പോലീസ് സ്റ്റേഷന് സമീപം പഞ്ചമത്തില്‍! ചിത്ര (51), ബസ് ഡ്രൈവര്‍ കുറപ്പത്ത് ഹൗസില്‍ സത്യന്‍ (44), കര്‍ണാടക സ്വദേശി ലത്തീഫ് (30), ബസ് കണ്ടക്ടര്‍ മഞ്ഞളൂര്‍ പനയഞ്ചിറ രമേഷ് (30), തത്തമംഗലം കുമാരന്‍ (59), കൊടുമ്പ് കല്ലിങ്കല്‍ ഹൗസില്‍ െഎശ്വര്യ (27), പുതുശ്ശേരി വൈശാഖില്‍ സുനിത (35), തത്തമംഗലം അമീറലി (35), പൊന്നമ്മ (80) എന്നിവരെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ ഉത്തരപ്രദേശ് സ്വദേശി ദില്‍ഷാദിനെ (21) കസബ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളും കോളേജും വിട്ട സമയമായതിനാല്‍ ബസില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍നിന്ന് ടാങ്കര്‍ലോറി രണ്ട് ക്രെയിനുപയോഗിച്ചാണ് നീക്കംചെയ്തത്.

സംഭവസ്ഥലത്ത് ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, എ.എസ്.പി. പൂങ്കുഴലി, പാലക്കാട് തഹസില്‍ദാര്‍, കസബ പോലീസ്, അഗ്നിരക്ഷാസേന എന്നിവരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി.