പാലക്കാട്: പാവപ്പെട്ടവരുടെ ഭൂമിയിടപാടുകള്‍ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് റവന്യൂ മന്ത്രി പി. ചന്ദ്രശേഖരന്‍. ഇവര്‍ സ്വന്തം കര്‍ത്തവ്യം തിരിച്ചറിയണം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് പട്ടയവിതരണമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരോട് മാനുഷികപരിഗണന വേണം. അവര്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് മടിച്ചുനില്‍ക്കരുത്. ഒന്നോ രണ്ടോ തവണയില്‍ക്കൂടുതല്‍ അവരെ ഓഫീസുകളില്‍ വരുത്താതിരിക്കാനും ശ്രദ്ധിക്കണം.

പാലക്കാട് ജില്ലയില്‍മാത്രം 30,000-ഓളം കേസുകള്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാത്തതിനാല്‍ ഇത്രയുംപേര്‍ക്ക് എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഈ കാലതാമസത്തിന് ന്യായീകരണമില്ല. അര്‍ഹരായ മുഴുവന്‍പേര്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശരേഖ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ഓരോ ആറുമാസത്തിലും പട്ടയമേളകള്‍ നടത്തും. മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തില്‍ 10,000 പേര്‍ക്കെങ്കിലും പട്ടയം നല്‍കുകയാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു.

1765 പേര്‍ക്കാണ് വ്യാഴാഴ്ച പട്ടയം വിതരണംചെയ്തത്. ഓരോ താലൂക്കിലേയും രണ്ടുപേര്‍ക്കുവീതം 12 പേര്‍ക്ക് മന്ത്രി പട്ടയം നല്‍കി. ബാക്കിയുള്ളവര്‍ക്ക് 15 കൗണ്ടറുകള്‍വഴി വിതരണംചെയ്തു.

മോയന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എം.ബി. രാജേഷ് എം.പി. അധ്യക്ഷനായി. കളക്ടര്‍ ഡോ. പി. സുരേഷ്ബാബു, എം.എല്‍.എ.മാരായ കെ. കൃഷ്ണന്‍കുട്ടി, കെ.വി. വിജയദാസ്, കെ. ബാബു, മുഹമ്മദ് മൊഹ്‌സിന്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ഒറ്റപ്പാലം സബ് കളക്ടര്‍ ജറോമിക് ജോര്‍ജ്, എ.ഡി.എം. ടി. വിജയന്‍, ആര്‍.ഡി.ഒ. പി. കാവേരിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

പട്ടയമുണ്ടായിട്ടും ഭൂമിയില്‍ വ്യക്തതയില്ലപട്ടയം കൈവശമുണ്ടായിട്ടും ഭൂമിയില്‍ വ്യക്തതയില്ലാത്ത 40-ഓളം പേര്‍ ജില്ലയിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത്തരം കേസുകളില്‍ പ്രത്യേക പരിശോധന വേണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ തിരിച്ചുനല്‍കണം. അവര്‍ക്ക് പട്ടയവിതരണം ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.