പാലക്കാട് : ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വില േമലോട്ടെന്ന പരാതികള്‍ക്കിടെ ഊണിന് പത്തുരൂപകൂറച്ച് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ദേവീകൃപ ഹോട്ടല്‍ മാതൃകയായി. വിലകുറച്ചത് കച്ചവടം കൂട്ടാനല്ല, ഭക്ഷണം നല്‍കുന്നത് സാധാരണക്കാരനുള്ള സേവനംകൂടിയാണെന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്ന് ഉടമ കുമാരന്‍നായര്‍.

പച്ചക്കറിവില അമ്പതുശതമാനത്തോളം കുറഞ്ഞു. അത് കടയുടമയ്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് തോന്നി. വില കുറയ്ക്കാനുള്ള തീരുമാനമെടുത്തു. തീരുമാനം പ്രിന്റെടുത്ത് കടയില്‍ ഒട്ടിക്കയും ചെയ്തു. നേരത്തെ അമ്പതുരൂപയായിരുന്ന ഊണിന് ഇപ്പോള്‍ നാല്പതുരൂപയാണ് ഈടാക്കുന്നത്.

സാമ്പാര്‍, മീന്‍കറി, രസം, മോര് എന്നിവ ഒഴിച്ചുകറികള്‍. തൊടുകറികളായി കൂട്ടുകറിയോ അവിയലോ. കൂട്ടിന് പൊരിയല്‍, അച്ചാര്‍, മുളകുവറുത്തത്, പപ്പടം എന്നിവയുള്‍പ്പെടെ വിഭവസമൃദ്ധമാണ് ഊണ്. പച്ചക്കറിവില കൂടിയപ്പോഴാണ് വില അമ്പതുരൂപയാക്കിയിരുന്നത്.

ഹോട്ടലുകളില്‍ ഭക്ഷണവില ഒരിക്കല്‍ കൂടിയാല്‍പ്പിന്നെ കുറയില്ലെന്ന വിശ്വാസത്തിന് അപവാദംകൂടിയാണ് ഇത്. 1926 ല്‍ കാടാങ്കോട് പാലാട്ട് ചാമുനായര്‍ സുല്‍ത്താന്‍പേട്ടയിലെ പ്രധാനപാതയോരത്ത് ഹോട്ടല്‍ നടത്തിയിരുന്നു. 1948 മുതല്‍ 1974 വരെ മകന്‍ രാമകൃഷ്ണന്‍നായര്‍ക്കായിരുന്നു ചുമതല. സാമൂഹികപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു രാമകൃഷ്ണന്‍നായര്‍. 74 മുതല്‍ 92വരെ മകന്‍ കുമാരന്‍നായര്‍ ചുമതലക്കാരനായി.

92-ല്‍ രാമകൃഷ്ണന്‍നായര്‍ കട ഉടമയ്ക്ക് ഒഴിഞ്ഞുകൊടുത്തു. തുടര്‍ന്ന്, കുറച്ചുവര്‍ഷം എണ്ണപ്പലഹാരങ്ങളുടെ നിര്‍മാണവുമായി കഴിഞ്ഞ കുമാരന്‍നായര്‍ 1998ലാണ് ദേവീകൃപ ഹോട്ടല്‍ ആരംഭിച്ചത്.