തിരുമിറ്റക്കോട്: തൃത്താലയുടെ സംസ്‌കാരവും ചരിത്രവും ഉള്‍െപ്പടെ മുഴുവന്‍ രേഖകളും സമാഹരിച്ച് സൂക്ഷിക്കാന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ന്യൂസിയമൊരുക്കുന്നു. സംസ്ഥാനത്തുതന്നെ ആദ്യത്തെ ന്യൂസിയമാണ് നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട്ടൊരുങ്ങുന്നത്.

36 ലക്ഷം രൂപ ചെലവില്‍ 2700 ചതുരശ്ര അടിയിലാണ് കെട്ടിടം പണിയുന്നത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയായ തൃത്താലയ്ക്ക് പറയാനും കാണിച്ചുതരാനും പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യംമുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് പുഴയോരത്ത് സംസ്‌കാര ഉറവിടങ്ങള്‍ ഉള്ളതിന്റെ അടയാളപ്പെടുത്തലാണ് ന്യൂസിയം. കൂറ്റനാട്ടുള്ള തൃത്താല ബ്ലോക്ക് പഞ്ചായത്തിനുള്ളില്‍ പുതിയ കെട്ടിടം പണിതാണ് ന്യൂസിയം ഒരുക്കുന്നത്.

തൃത്താല ബ്ലോക്കിലെ ആനക്കര, തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി, കപ്പൂര്‍, പട്ടിത്തറ, തൃത്താലപഞ്ചായത്തിലെ കലാ-സംസ്‌കാരിക-രാഷ്ട്രീയ-പൈതൃകരംഗത്തെ ചരിത്രം ന്യൂസിയത്തിലൂടെ സംരക്ഷക്കപ്പെടും. പ്രമുഖരില്‍നിന്ന് ചരിത്രരേഖകളും വിവിധ പഞ്ചായത്തുകള്‍, സ്‌കൂളുകള്‍, പഴയ മനകള്‍ എന്നിവയില്‍നിന്ന് ചരിത്രരേഖകള്‍ സമാഹരിച്ചുമാണ് ചരിത്രന്യൂസിയം തുടങ്ങുന്നത്. തൃത്താലയുമായി ബന്ധപ്പെട്ട് അച്ചടിച്ച എല്ലാ വാര്‍ത്തകളും ദൈനംദിന സംഭവവികാസങ്ങളും ശേഖരിക്കയും സൂക്ഷിക്കയും ചെയ്യുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്രദമാകുന്ന ന്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചു.

നിര്‍മാണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ് അധ്യക്ഷനായി. നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജനാര്‍ദനന്‍, കെ. മനോഹരന്‍, സി.കെ. ഉണ്ണിക്കൃഷ്ണന്‍, ബി.ഡി.ഒ. ടി. വിശ്വനാഥന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.