അഗളി: കാട്ടാനശല്യം രൂക്ഷമായ മണ്ണാര്‍ക്കാട് വനംഡിവിഷനില്‍ 56 കിലോമീറ്റര്‍ വൈദ്യുതവേലിനിര്‍മാണം ഏപ്രില്‍ 10ന് ടെന്‍ഡര്‍ചെയ്യും. കഴിഞ്ഞദിവസം അഗളിയില്‍ റോഡുപരോധിച്ച നാട്ടുകാരുമായി അധികൃതര്‍നടത്തിയ ചര്‍ച്ചയെ ത്തുടര്‍ന്നാണ് ഈ തീരുമാനം. അട്ടപ്പാടി, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, പാലക്കയം തുടങ്ങിയ മലയോരമേഖലയിലാണ് വൈദ്യുതവേലി നിര്‍മിക്കുക.

ഇതുവരെ അഞ്ചുപേരെ കൊലപ്പെടുത്തിയ ഒറ്റയാനെ ഒരു മാസത്തിനകം മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുപോകും. അതുവരെ ആനയെ ദ്രുതപ്രതികരണസംഘം നിരീക്ഷിക്കും. മറ്റാനകളെ തുരത്താന്‍ കൂടുതല്‍ ജീവനക്കാരെയും സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായവും വീടുംകൃഷിയും നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവും ഉടന്‍ നല്‍കും. വനംവകുപ്പിന്റെ ദ്രുതപ്രതികരണസംഘത്തിന് 25,000രൂപ വിലയുള്ള മൂന്ന് ടോര്‍ച്ച് നല്‍കും. ആനശല്യം രൂക്ഷമായ അഞ്ച് സ്ഥലങ്ങളില്‍ 2,000രൂപ വിലയുള്ള മൂന്ന് ടോര്‍ച്ചുവീതം നല്‍കും. കാട്ടാനശല്യം രൂക്ഷമായയിടങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.