പത്തിരിപ്പാല: പണി പൂര്‍ത്തിയാവാത്ത മങ്കരയിലെ കണ്ണംകടവ് തടയണക്ക് ഈ വേനലിലും മോചനമില്ല. തടയണ നിര്‍മാണത്തിനായി കരാറുകാരന്‍ നിര്‍മിച്ച മണ്ണും മണല്‍ച്ചാക്കുംകൊണ്ടുള്ള താത്കാലിക തടയണ മലമ്പുഴ അണക്കെട്ടിലെ വെള്ളം വന്നതോടെ കുത്തിയൊലിച്ചുപോയി. മങ്കര റെയില്‍വേസ്റ്റേഷന് സമീപത്താണ് ഭാരതപ്പുഴയില്‍ കണ്ണംകടവ് തടയണ. 2012ല്‍ നബാര്‍ഡ് ധനസഹായത്തോടെ ചെറുകിട ജലസേചനപദ്ധതിയാണ് നിര്‍മാണം തുടങ്ങിയത്.

150 മീറ്റര്‍ നീളമുള്ള തടയണയുടെ 114 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായുള്ളു. അപ്പോഴേക്കും രണ്ടുവര്‍ഷം കഴിഞ്ഞു. മങ്കര ഭാഗത്ത് റെയില്‍പ്പാളമായതിനാല്‍ മറുകരയായ പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തുനിന്നാണ് നിര്‍മാണം തുടങ്ങിയത്.

114 മീറ്ററില്‍ എട്ട് സ്​പാനുകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ള 36 മീറ്ററില്‍ തറപോലും നിര്‍മിച്ചിട്ടില്ല. ഭിത്തിയില്‍നിന്ന് പത്തടി ഇരുഭാഗത്തേക്കും പ്ലാറ്റ്‌ഫോമും നിര്‍മിക്കണം. ഇതിനിടെ വിവിധ കാരണങ്ങള്‍കൊണ്ട് നിര്‍മാണം നിലച്ചു. 2014ല്‍ കരാറുകാരന്‍ നിര്‍മാണം പാടെ ഉപേക്ഷിച്ചു. പിന്നീട് നിര്‍മാണം നടത്തിയതേയില്ല. 2016 നവംബര്‍ 11ന് നദീ നിയന്ത്രണസമിതി സ്ഥലത്തെത്തി തടയണ പുനര്‍നിര്‍മാണം പരിശോധന നടത്തി. തുടര്‍ന്നാണ് ചെറുകിട ജലസേചനപദ്ധതി പുനര്‍ദര്‍ഘാസ് നടപടിയാരംഭിച്ചത്.

നിര്‍മാണം വൈകുന്നത് കണ്ട് മങ്കര പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികള്‍ വേതനമില്ലാതെ താത്കാലിക തടയണ നിര്‍മിച്ചുകഴിഞ്ഞപ്പോഴാണ് കരാറുകാരന്‍ വരുന്നത്.

രണ്ടാഴ്ചമുന്പാണ് പണി തുടങ്ങിയത്. പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തുനിന്ന് പുഴയിലെ മണ്ണ് യന്ത്രമുപയോഗിച്ച് ഇക്കരെയെത്തിച്ചു. തടയണ കെട്ടലായിരുന്നു ആദ്യപണി. പത്തടി വീതിയില്‍ തടയണയ്ക്ക് മുകള്‍ഭാഗത്തായി മങ്കര ഭാഗത്തെ കരയ്ക്ക് താത്കാലിക തടയണ മുട്ടിക്കുകയും ചെയ്തു. മണ്ണും അരികില്‍ മണല്‍ നിറച്ച ചാക്കുംവെച്ച് താത്കാലിക തടയണ സുരക്ഷിതമാക്കിയെങ്കിലും പിന്നീട് പണി പുരോഗമിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ മലമ്പുഴ ഡാം വെള്ളം വന്നത്. നിര്‍മാണ സൗകര്യത്തിനായി 100 അടിയോളം നീളത്തിലിട്ട താത്കാലിക തടയണയുടെ പകുതിയിലധികം നിമിഷങ്ങള്‍ക്കകം കുത്തിയൊലിച്ചുപോയതായി പരിസരത്തുള്ളവര്‍ പറഞ്ഞു.

വെള്ളം കുത്തിയൊലിച്ചെത്തി നിര്‍മാണസാമഗ്രികള്‍ ഒഴുകിപ്പോയും വെള്ളം കെട്ടിനിന്നാണ് പണി നിലച്ചതെന്നുമുള്ള വര്‍ഷങ്ങളായുള്ള പരാതി ഇത്തവണയും ആവര്‍ത്തിച്ചതോടെ തടയണ പ്രതീക്ഷ കൈവിടുകയാണ് മങ്കരക്കാര്‍.